ഏതെങ്കിലും രാജ്യവുമായി ഉഭയകക്ഷി എയർ ബബിൾ ഉടമ്പടിയിൽ ധാരണയെത്തിയാൽ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ കഴിയും
13 രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ആസ്ട്രേലിയ, ജപ്പാന്, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ്? ആരംഭിക്കുക. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ വിമാനകമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററില്‍ കുറിച്ചു.
ഏതെങ്കിലും രാജ്യവുമായി ഉഭയകക്ഷി എയർ ബബിൾ ഉടമ്പടിയിൽ ധാരണയെത്തിയാൽ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ കഴിയും. ജൂലൈ മുതൽ ഇന്ത്യ ഏതാനും രാജ്യങ്ങളുമായി എയർ ബബിൾ കരാറിലെത്തുകയും വിമാന സർവീസിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായിയിരുന്നു കരാർ.
“ഞങ്ങൾ ഇപ്പോൾ ഈ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു, കൂടാതെ 13 രാജ്യങ്ങളുമായി കൂടിയാലോചന നടത്തുന്നുണ്ട്,” എന്ന് എയർ ബബിൾ കരാറുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചുള്ള ട്വീറ്റിൽ പുരി പറഞ്ഞു.
ഓസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്റ്, നൈജീരിയ, ബഹ്റൈൻ, ഇസ്രായേൽ, കെനിയ, ഫിലിപ്പൈൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇപ്പോൾ ചർച്ച നടത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും എയർ ബബിൾ കരാർ പ്രകാരം വിമാനസർവീസുകൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പുരി പറഞ്ഞു.