India National

സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന് വിട ചൊല്ലി രാജ്യം. വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി ,രാഷ്ട്രപതി, ആഭ്യന്തരമന്ത്രി ,കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ പ്രവർത്തകരും നേതാക്കളും ഇപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. വൈകിട്ട് 3 ന് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാരം.

മന്ത്രിമന്ദിരത്തിൽ നിന്നൊഴിഞ്ഞ ശേഷം സുഷമ താമസിച്ചിരുന്ന ഡൽഹി ജന്ദർ മന്ദർ റോഡിലെ ഫ്ലാറ്റിൽ ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെ മൃതദേഹം പൊതു ദർശനത്തിന്ന് വച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. പാർട്ടിക്കും രാജ്യത്തിനും തീരാ നഷ്ടമാണ് സുഷമയുടെ വിയോഗമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കേരളവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു സുഷമയെന്ന് ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ,ബി.എസ് പി അധ്യക്ഷ മായാവതി, മുസ്ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി. ഡൽഹി സർക്കാർ രണ്ട് ദിവസത്തെയും ബി.ജെ.പി ഒരാഴ്ചത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11ന് ഡൽഹി എയിംസിൽ വച്ചായിരുന്നു സുഷമയുടെ വിയോഗം.