പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യന്‍ സേനയുടെ തിരിച്ചടി. താങ്ധര്‍ മേഖലയിലാണ് ആക്രമണം നടത്തിയത്. അഞ്ച് പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഒന്‍പത് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് പാകിസ്താന് അവകാശപ്പെട്ടു.
കശ്മീര്‍ കുപ്വാരയിലെ നിയന്ത്രണ രേഖയിലാണ് വീണ്ടും പാക് പ്രകോപനമുണ്ടായത്. താങ്ധറില് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്താന് ആക്രമണം നടത്തിയത്. എത്ര പേര് കൊല്ലപ്പെട്ടുവെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു വീടും ഒരു അരി ഗോഡൌണും പൂര്‍ണമായും തകര്‍ന്നതടക്കം മറ്റ് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് കാറുകളും 19 ആടുമാടുകളെ താമസിപ്പിച്ചിരുന്ന രണ്ട് ഗോശാലകളും ഇതിലുൾപ്പെടും. ജീവന് പൊലിഞ്ഞ സൈനികരുടെയോ നാട്ടുകാരന്റെയോ വിശദാംശങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.
പാക് പ്രകോപനത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. തഗ്ധര് നിയന്ത്രണ രേഖയില്‍ പാക് അധീന പ്രദേശത്തെ ഭീകര ക്യാമ്പുകളിലേക്ക് ഇന്ത്യ വെടിയുതിര്‍ത്തു. പീരങ്കികളുപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ഈ വർഷം മാത്രം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള രണ്ടായിരത്തിലധികം ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയത്.