ആകെ കോവിഡ് ബാധിതർ ഒരു ലക്ഷത്തി 36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി
രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ ആറായിരത്തിന് മുകളിൽ. ആകെ കോവിഡ് ബാധിതർ ഒരു ലക്ഷത്തി 36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി. 42 ശതമാനമാണ് രോഗമുക്തി നിരക്ക്. പരീക്ഷണത്തിലുള്ള 4 വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് ഉടൻ കടക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരാഴ്ച കൊണ്ട് രാജ്യത്തെ കോവിഡ് ബാധിതർ രണ്ട് ലക്ഷം കവിയും. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗമുക്തി നിരക്ക് 42 ശതമാനവും മരണനിരക്ക് 3 ശതമാനവും ആണെന്ന് സർക്കാർ പറയുന്നു. ഒരു ലക്ഷത്തിലധികം സാമ്പിളുകൾ അനുദിനം പരിശോധിക്കുന്നുണ്ട്. പരീക്ഷണത്തിലുള്ള 14 വാക്സിനുകളിൽ നാലെണ്ണം ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് ഉടൻ കടക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയും തമിഴ്നാടും അടക്കം 7 സംസ്ഥാനങ്ങളിലെ 11മുൻസിപ്പൽ ഏരിയകളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. ഗുജറാത്തിൽ രോഗബാധിതർ 14063 ഉം മരണം 85 8 ഉം കടന്നു. ഡൽഹിയിൽ രോഗബാധിതർ 13418 ഉം മരണം 261 ഉം ആയി. ആരോഗ്യ പ്രവർത്തകർക്ക് ഇടയിലെ രോഗബാധ തുടരുകയാണ്.
9 സിആർപിഎഫ് കാർക്കും തീഹാർ ജയിലിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇന്ന് ചെറിയ പെരുന്നാൾ പ്രമാണിച്ച് അടച്ചുപൂട്ടലിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ പുതുതായി 286 കേസുകളും മൂന്നു മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 7028 ഉം മരണം 163 ഉം ആയി . മധ്യപ്രദേശിൽ കഴിഞ്ഞ മണിക്കൂറുകളിൽ 294 പുതിയ കേസും ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമബംഗാളിൽ 208 പുതിയ കേസും മൂന്നു മരണവും റിപ്പോർട്ട് ചെയ്തതായി സർക്കാർ അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ രോഗബാധിതർ വർദ്ധിക്കുമെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക.