ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെയും ഇസ്രായേലിനെയും സാങ്കേതികവിദ്യ ഇന്ത്യ ഉപയോഗിക്കും. ഉപഗ്രഹ സഹായത്തോടെ ഡ്രോണുകളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും ഗതിമാറ്റി നിയന്ത്രിക്കാൻ ആവുകയും ചെയ്യുന്ന സംവിധാനമാണ് ഇന്ത്യയും ഉപയോഗിക്കുക. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുമായി അടിയന്തരമായി ചർച്ചകൾ ആരംഭിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ജമ്മുകശ്മീരിലെ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളും സേനയെ ആധുനികരിക്കുന്നതും സംബന്ധിച്ച് ആയിരുന്നു ചർച്ച.