അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യമിപ്പോൾ കടന്നുപോകുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അവർ കുറ്റപ്പെടുത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോക്സഭാ ചർച്ചയില്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു.
അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നത്. എന്നാല്‍ സ്വന്തം രാജ്യത്ത് ചൂഷണം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ കുറിച്ച് സര്‍ക്കാരിന് ചിന്തയില്ലെന്നും മഹുവ വിമര്‍ശിച്ചു.
യാതൊരു പരിശോധനയും കൂടാതെയാണ് കര്‍ഷക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഷഹീന് ബാഗില്‍ സമരം ചെയ്ത കര്‍ഷകരെയും വൃദ്ധരെയും വിദ്യാര്‍ഥികളെയും വരെ നിങ്ങള്‍ തീവ്രവാദികളെന്ന് മുദ്രകുത്തിയതെന്നും മഹുവ തുറന്നു പറഞ്ഞു.
രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട മുൻ സുപ്രീം കോടതി ജസ്റ്റിസ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മഹുവ നടത്തിയ പരാമർശം ബി.ജെ.പി അംഗങ്ങള്‍ തടസ്സപ്പെടുത്തി.