India

കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് ചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചു

ഇന്ത്യയിൽ കൊടുംചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂലമാണ് കൊടുംചൂട് വർദ്ധിച്ചുവരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേനൽക്കാലത്ത് പതിവായി ചൂട് അനുഭവപ്പെടാറുണ്ടെങ്കിലും, ഇപ്പോൾ ഇത് കൂടുതൽ തീവ്രവും ഇടയ്ക്കിടെയും മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് വിദഗ്ധർ പറയുന്നത്.

കൊടുംചൂട് മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റു ആഘാതങ്ങളും ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായു മലിനീകരണം കാരണമുള്ള മരണം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർഷിക ലാൻസെറ്റ് കൗണ്ട്ഡൗൺ റിപ്പോർട്ടിൽ 103 രാജ്യങ്ങളെ പരിശോധിച്ച് 2022 മാർച്ച്-ഏപ്രിലിൽ ഇന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ ഉഷ്ണതരംഗം കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കാനുള്ള സാധ്യത 30 മടങ്ങ് കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. ഈ മാസങ്ങളിൽ 374-ലധികം സൂര്യാഘാതകേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കനത്ത ചൂടിനെത്തുടർന്ന് മഹാരാഷ്ട്രയിൽ 25 പേരാണ് ഈ വർഷം മരണപ്പെട്ടത്. സർക്കാർ കണക്കുകൾ പ്രകാരം, 2015-2019 കാലയളവിൽ മൊത്തം 3,775 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ചൂട് മൂലമുള്ള മരണങ്ങൾ മൂന്നിൽ രണ്ട് വർധിച്ചതായി ലാൻസെറ്റ് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മഴയും താപനിലയും കൂടുന്നത് മലേറിയ, വയറിളക്കരോഗങ്ങൾ, ഡെങ്കിപ്പനി എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുമെന്നും തീവ്രമായ ഉഷ്ണതരംഗങ്ങൾ ഏഷ്യയിൽ മരണം വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.