India

കാബൂളിലെ ഇന്ത്യൻ എംബസി ജീവനക്കാരെ ഒഴിപ്പിച്ച് ഇന്ത്യ; വിമാനം ഡൽഹിയിൽ തിരിച്ചെത്തി

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ജീവനക്കാരെ എല്ലാവരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇനി കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെയും എത്തിക്കുമെന്നും ഇതിനായി അമേരിക്കയുടെ സഹകരണം തേടിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യം വിലയിരുത്തി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അഫ്ഗാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കായി പോയ മലയാളികൾ ഉൾപ്പടെ ഇനിയും നിരവധി പേർ അവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കുമെന്ന് വൈകീട്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് വ്യക്തമാക്കുന്നു.അഫ്ഗാൻ ഏംബസി അടച്ചെങ്കിലും പ്രാദേശിക ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിസ ഓഫീസ് പ്രവര്‍ത്തനം തുടരുമെന്നാണ് സൂചന.