India National

അമേരിക്കയിലെ മേയര്‍ സഹായം ചോദിച്ചു, ഇന്ത്യ 18 ലക്ഷം എന്‍ 95 മാസ്ക് നല്‍കി

കോവിഡിനോട് പൊരുതാന്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മേയര്‍ ഇന്ത്യയോട് ഒരു സഹായം അഭ്യര്‍ഥിച്ചു. എന്‍ 95 മാസ്കുകള്‍ നല്‍കാമോ എന്നായിരുന്നു മേയറുടെ ചോദ്യം. ഇന്ത്യ 18 ലക്ഷം മാസ്ക് അയച്ച് സഹായിക്കുകയും ചെയ്തു.

അമേരിക്കയിലെ പെൻസിൽവാനിയയിലെ ഏറ്റവും വലിയ നഗരമാണ് ഫിലാഡൽഫിയ. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ എന്‍ 95 മാസ്ക് വേണം. ഫിലാഡല്‍ഫിയയിലെ മേയര്‍ ജിം കെന്നിയാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചത്. 18 ലക്ഷം മാസ്ക് അയച്ചെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അറിയിച്ചു. ആരോഗ്യ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ഒന്നുകൂടി ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആറാമത്തെ നഗരമാണ് ഫിലാഡൽഫിയ. ഒക്ടോബര്‍ 5ന് ആവശ്യപ്പെട്ട സഹായം അഞ്ച് ദിവസം കൊണ്ട് എത്തിക്കാന്‍ ഇന്ത്യക്കായി. പിപിഇ കിറ്റുകള്‍ ആഭ്യന്തര ആവശ്യത്തിന് ഉത്പാദിപ്പിക്കാന്‍ മാത്രമല്ല, കയറ്റി അയക്കാനും ഇന്ത്യക്ക് കഴിയുമെന്നതിന്‍റെ ഉദാഹരണമായി ഇത് വിലയിരുത്തപ്പെടുന്നു. നേരത്തെ മലേറിയക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്നും കോവിഡ് ചികിത്സക്കായി ഇന്ത്യ അമേരിക്കക്ക് നല്‍കിയിരുന്നു.