India

രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ; 573 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമായി രാജ്യത്ത് മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 573 പേർ ഇന്നലെ മരണമടഞ്ഞു. 19.5 ആണ് പോസിറ്റിവിറ്റി നിരക്ക്. 3,06,357 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 22,02,472 പേർ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരാണ്.

അതേസമയം, കേരളത്തിൽ ഇന്നലെ 49,771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേർ രോഗമുക്തി നേടി. 1,03,553 സാമ്പിളുകൾ പരിശോധിച്ചു. 48.06 ആണ് ടിപിആർ.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,46,391 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,938 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 3,00,556 കോവിഡ് കേസുകളിൽ, 3.6 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 77 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,281 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 196 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45,846 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3272 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 457 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,439 പേർ രോഗമുക്തി നേടി. ഇതോടെ 3,00,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,21,307 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.