India International

പ്രതിദിന കോവിഡ് രോഗികളില്‍ ഇന്ത്യ മൂന്നാമത്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്…

രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം മൂന്ന് ലക്ഷം കടന്നതിന് പിന്നാലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തില്‍ 386 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 8,884 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യം ബ്രസീലാണ്(25,982). അമേരിക്ക 25,639 പേരില്‍ കോവിഡ് ഉറപ്പിച്ച് രണ്ടാമതെത്തിയപ്പോള്‍ കോവിഡിന്റെ പേടിപ്പിക്കുന്ന കണക്കില്‍ ഇന്ത്യ മൂന്നാമതാണ്.

ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള റഷ്യയില്‍ കഴിഞ്ഞ ദിവസം 8,961 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ബ്രിട്ടനെ(2.92 ലക്ഷം) മറികടന്ന് ഇന്ത്യ നാലാമതെത്തിയത്.

ആകെ കോവിഡ് സ്ഥിരീകരിച്ചവരും മരണവും
@worldometers

134 ദിവസങ്ങള്‍കൊണ്ടാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നത്. ജനുവരി 30ന് വുഹാനില്‍ നിന്നും തൃശൂരിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയിലായിരുന്നു രാജ്യത്താദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായത് വെറും പത്ത് ദിവസങ്ങള്‍കൊണ്ടാണ്.

ആകെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ(3.09 ലക്ഷം) നാലാമതാണ്. അമേരിക്ക(21.17 ലക്ഷം), ബ്രസീല്‍(8.29 ലക്ഷം), റഷ്യ(5.20 ലക്ഷം) എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. കോവിഡ് മരണസംഖ്യയില്‍ ഇന്ത്യ(8,884) ഒമ്പതാംസ്ഥാനത്താണ്. അമേരിക്കയും(1.16 ലക്ഷം) ബ്രസീലും(41000) തന്നെയാണ് കോവിഡ് മരണത്തിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍.