India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു

മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗമുക്തി നിരക്കിൽ വർദ്ധനയുണ്ട്. മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

50 ലക്ഷത്തി ഇരുപതിനായിരത്തി 360 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,066. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേർ. അതേസമയം, രോഗം മാറിയവരുടെ എണ്ണത്തിൽ വൻ വദ്ധനയുണ്ട്. 78.53% അതായത് 39,42,360. മരണനിരക്ക് 1.63 % . കോവിഡ് മാറിയ 6 ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു.

4 പേർ മംബൈയിലും 2 പേർ നോയ്ഡയിലും. ഡൽഹിയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ജനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി നടത്തിയ പഠനത്തിലാണിത്. രാജ്യത്ത് ആകെ16 പേരിൽ നടത്തിയ പഠനത്തിലാണ് ഇത് സ്ഥീരികരിച്ചത്.എന്നാൽ ഇതിന് വിദൂര സാധ്യത മാത്രമാണെന്നാണ് ഐ.സി.എം.ആര്‍ നിലപാട്. ലോക്ഡൗൺ പ്രഖ്യാപിച്ചതു കാരണം രാജ്യത്ത് 14 മുതൽ 29 ലക്ഷം പേർക്ക് രോഗം പടരാതിരിക്കാൻ കഴിഞ്ഞുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെ യുക്തിയെന്താണെന്ന് ആനന്ദ് ശർമ എം.പി രാജ്യസഭയിൽ ചോദിച്ചു.