ഇറ്റലിയിലേക്ക് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കോവിഡ് 19 ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കും. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് വിദേശകാര്യ മന്തി ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 നെ തുടർന്ന് ഇറ്റലിയിലെ വിവിധ വിമാനത്താവളങ്ങളില്‍ മലയാളികളടക്കമുള്ള നിരവധി ഇന്ത്യാക്കാര്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കുന്നത്. പരിശോധനകൾക്ക് ശേഷം കോവിഡ് 19 ഇല്ലാത്ത വരെ നാട്ടിലേക്ക് അയക്കും. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം നൽകാൻ ഇറ്റലി സർക്കാരിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വിസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഉറപ്പു വരുത്തണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും ആവശ്യപ്പെട്ടു. രാജ്യത്തെ 22 അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ കോവിഡ് 19 പരിശോധന ശക്തമാക്കി.