ഗൽവാൻ നദീതാഴ്‌വര സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ – ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തില്ലെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് മുതിർന്ന സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൈനികകാര്യ വിദഗ്ധനും മുൻ സൈനികനുമായ അജയ് ശുക്ലയുടേതാണ് റിപ്പോർട്ട്.
ശനിയാഴ്ച നടന്ന ചർച്ചയിലെ തീരുമാനപ്രകാരം ഇരുസൈന്യങ്ങളും നേരിയ തോതിൽ പിന്മാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ലേ കോർപ്‌സ് കമാൻഡർ ലഫ്. ജനറൽ ഹരിന്ദർ സിങും ചൈനീസ് സൈന്യത്തിലെ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ നടന്ന ചർച്ചയ്ക്കു ശേഷം സംയുക്തപ്രസ്താവന പുറത്തിറക്കിയിട്ടില്ല. യോഗത്തിലെ തീരുമാനങ്ങളെപ്പറ്റി കേന്ദ്രസർക്കാറും ചൈനീസ് ഗവൺമെന്റും ഔദ്യോഗിക വിശദീകരണങ്ങൾ നൽകിയതുമില്ല. പ്രശ്‌നപരിഹാരത്തിനായി ജൂനിയർ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച തുടർന്നേക്കും.
ചൈനയുടെ കടുംപിടുത്തം
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ചൈനീസ് സൈന്യം പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്ന് പിന്മാറി, മുൻസ്ഥിതി സ്ഥാപിക്കണം എന്നതായിരുന്നു ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യം ചർച്ചചെയ്യാൻ പോലും ചൈന സന്നദ്ധരായില്ല. ഗൽവാൻ നദീതാഴ്‌വര സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്. മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണത്തിൽ’സംഘർഷം നിലനിൽക്കുന്ന അഞ്ച് സ്ഥലങ്ങൾ സമ്മതിക്കുകയും തിരിച്ചറിയുകയും ചെയ്തു’ എന്നു മാത്രമാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.
ഗൽവാൻ നദീ താഴ്‌വര കാലങ്ങളായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്നുമായിരുന്നു ചർച്ചയിൽ ചൈനയുടെ നിലപാട്. ഷ്യോകിൽ നിന്ന് ഗൽവാൻ നദി ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിച്ച ഇന്ത്യൻ നീക്കം നുഴഞ്ഞുകയറ്റമാണെന്ന ആരോപണവും ചൈന ഉന്നയിച്ചു. മെയ് വരെ നിലനിന്നിരുന്ന നിയന്ത്രണരേഖയിലേക്ക് അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മെറ്റൽ റോഡ് നിർമിച്ചെന്നും ഇത് നിയന്ത്രണരേഖ ഭേദിക്കുന്നതാണെന്നുമാണ് ഇതിന് ഇന്ത്യ മറുപടി നൽകിയത്. എന്നാൽ, തങ്ങളുടെ ഭൂമിയിൽ എന്തും ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു ചൈനയുടെ മറുപടി.
പാങ്കോങ് തടാകത്തിന്റെ വടക്കുഭാഗത്തേക്കുള്ള ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യ ചോദ്യംചെയ്തപ്പോൾ, തങ്ങൾ ചെയ്തത് ശരിയാണെന്ന വാദമാണ് ചൈന ഉയർത്തിയത്. ഈ പ്രദേശത്ത് പട്രോളിങ് നടത്തിയ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. സൈനികരെ മർദിച്ചത് ശരിയായില്ലെന്ന് ചൈനീസ് പ്രതിനിധി സമ്മതിച്ചെങ്കിലും, ഇതിന് കാരണമായത് ഇന്ത്യൻ സൈനികർ അതിർത്തി ലംഘിച്ചതാണെന്ന ആരോപണമുന്നയിക്കുകയും ചെയ്തു.
പട്രോളിങ് നടത്തിയ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. സൈനികരെ മർദിച്ചത് ശരിയായില്ലെന്ന് ചൈനീസ് പ്രതിനിധി സമ്മതിച്ചെങ്കിലും, ഇതിന് കാരണമായത് ഇന്ത്യൻ സൈനികർ അതിർത്തി ലംഘിച്ചതാണെന്ന ആരോപണമുന്നയിക്കുകയും ചെയ്തു.