India National

ഇന്ത്യ- ചൈന സംഘർഷം; സേന പിന്മാറ്റത്തിനുള്ള കരാർ ഉടൻ യാഥാർത്ഥ്യമാക്കും

സമയബന്ധിതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ യാഥാർത്ഥ്യമാക്കാൻ കമാൻഡർ തല ചർച്ചയിൽ തീരുമാനം. അതിർത്തിയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഏർപ്പെട്ടിട്ടുള്ള കരാറുകൾ യാഥാർത്ഥ്യമാക്കാനാണ് തീരുമാനം. ഇതിനായി സംയുക്ത സംഘം തുടർച്ചയായി സാഹചര്യങ്ങൾ വിലയിരുത്തും. ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച തുടരാനും യോഗം തീരുമാനിച്ചു.

ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർ തലത്തിലുള്ള ആറാം വട്ട കൂടിക്കാഴ്ച കിഴക്കൻ ലഡാക്കിലെ മോൾഡോയിൽ ആണ് നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് ലഫ്. ജനറലുമാരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും ചർച്ചയുടെ ഭാഗമായി. ലേ ആസ്ഥാനമായുള്ള 14 കോർപ്‌സിന്റെ അടുത്ത് ചീഫ് ലഫ്. ജനറൽ പിജികെ മേനോനും ചർച്ചയിൽ ഇന്ത്യൻ സംഘത്തെ അനുഗമിച്ചു.

സേനാ പിന്മാറ്റത്തിനായി സംയുക്ത സംഘം തുടർച്ചയായി സാഹചര്യങ്ങൾ വിലയിരുത്തും. ലഡാക്ക് അതിർത്തിയിലെ തന്ത്രപ്രധാന ഇടങ്ങളിൽ അധിപത്യം നേടിയ മേഖലകളിൽ ഇന്ത്യ തുടരും. ആറിടങ്ങളിൽ നിന്ന് ഇന്ത്യ അടിയന്തിരമായി പിന്മാറണമെന്ന ചൈനീസ് നിർദേശം ഇന്ത്യ ചർച്ചയിൽ അംഗീകരിച്ചില്ല. മലനിരകളിൽ മൊത്തം ഇരുപതിലേറെ തന്ത്രപ്രധാന ഭാഗങ്ങളിൽ ഇപ്പോൾ ഇന്ത്യ മേൽക്കൈ നേടിയിട്ടുണ്ട്.