അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിതല ചർച്ചയില്‍ 5 കാര്യങ്ങളില്‍ ധാരണയിലെത്തി. നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാനും ചർച്ചകള്‍ തുടരാനും ധാരണയായതായി സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കില്‍ സംഘർഷം തുടരവെ നിർണായക ചർച്ചയാണ് മോസ്കോയില്‍ വച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും നടത്തിയത്. കൂടിക്കാഴ്ചയില്‍ 5 കാര്യങ്ങളില്‍ സമവായത്തിലെത്തിയതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഉണ്ടാക്കിയ എല്ലാ കരാറുകളും പ്രോട്ടോകോളുകളും പാലിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങും നടത്തിയ ചർച്ചകളില്‍ എടുത്ത തീരുമാനങ്ങളും ഇതില്‍ പെടും.
ശാശ്വത പരിഹാരത്തിനായുള്ള നയതന്ത്ര – സൈനിക തല ചർച്ചകള്‍ തുടരും. സംഘർഷ മേഖലകളില്‍ നിന്നും സേനാ പിന്മാറ്റം വേഗത്തിലാക്കും. സമാധാനം പുനസ്ഥാപിക്കാനും പരസ്പര വിശ്വാസം വളർത്താനുള്ള പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്തും. സേന വിഭാഗങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാനും ധാരണയായി.
തുടർനീക്കങ്ങള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നത തല യോഗം ചർച്ച ചെയ്തു. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, സേനാ മേധാവിമാർ, സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവർ പങ്കെടുത്തു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തില്‍ അതിർത്തി സംഘർഷത്തില്‍ ഹ്രസ്വ ചർച്ച നടക്കാന്‍ സർക്കാർ ഒരുങ്ങി. ചട്ടം 193 പ്രകാരം ചർച്ച ചെയ്ത് മറുപടി നല്‍കാനാണ് നീക്കം. അങ്ങനെയെങ്കില്‍ വോട്ടെടുപ്പ് ഉണ്ടാകില്ല.
ചൈന കയ്യേറിയ ഭൂമി തിരിച്ച് പിടിക്കുമോ അതോ ദൈവം ചെയ്തതെന്ന് കരുതി വിട്ടുകളയുമോ എന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതിനിടെ സെപ്തംബർ 7ന് മുന്‍പേ ആഗസ്റ്റ് 30നും ചൈനീസ് സേന ആകാശത്തേക്ക് വെടിയുതിർത്തതായി സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.