India National

ചൈന പ്രകോപനം ആവര്‍ത്തിക്കുന്നു; സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം

ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം

കിഴക്കന്‍ ലഡാക്കില്‍‌ ചൈന പ്രകോപനം ആവർത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം. ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. സൈനിക – നയതന്ത്ര ചർച്ചകളിലൂടെ ഉണ്ടാക്കിയ സമവായം ചൈന ലംഘിക്കുന്നതായും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന പ്രതികരിച്ചു.

ഗാല്‍വാനിലെ സംഘർഷത്തിന് പിന്നാലെ ആരംഭിച്ച സമാധാന ചർച്ചകള്‍ തുടരുകയാണ്. ഇതിനിടെയാണ് ആഗസ്റ്റ് 29ന് അർധരാത്രി പാങ്കോങ്സോ തടാകത്തിന് സമീപമുള്ള നിയന്ത്രണ രേഖയില്‍ ചൈന സൈനിക നീക്കം നടത്തിയത്. നിയന്ത്രണ രേഖ കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു. ശേഷം പ്രശ്നപരിഹാരത്തിന് ബ്രിഗേഡ് കമാന്‍റര്‍തല ചർച്ച ആരംഭിച്ചു.

ഇതിനിടെ 30ന് അർധരാത്രി വീണ്ടും ചൈന നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചു എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ചർച്ചകള്‍ തുടരവെ ചൈന സൈന്യത്തെ നിയന്ത്രിക്കണമെന്നും എം.ഇ.എ ആവശ്യപ്പെട്ടു. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

സജ്ജമായിരിക്കാനും സേനവിഭാഗങ്ങള്‍ക്ക് നിർദേശം നല്‍കി. പാങ്കോങ്സോ തടാകത്തിന്‍റെ തെക്കന്‍ തീരത്തെ ഉയർന്ന മേഖലകളില്‍ സ്ഥാനം ഉറപ്പിക്കാനായതിനാല്‍ ചൈനയുടെ നേരിയ നീക്കങ്ങള്‍ പോലും കണ്ടെത്താനാകുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയാണ് പ്രകോപണം സൃഷ്ടിക്കുന്നത് എന്നാണ് ചൈനയുടെ പ്രതികരണം. ഇരുരാജ്യങ്ങളും ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനവും സ്ഥിരതയും കണ്ടെത്തണം എന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.