India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഫ്രാന്‍സിനെ മറികടന്ന് ഏഴാമത്

ആകെ രോഗികൾ 1.82 ലക്ഷവും മരണം സംഖ്യ 5164ഉം ആയി. കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഏഴാം സ്ഥാനത്തായി. രാജ്യത്ത് കൂടുതൽ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇന്ന് മുതൽ നിലവിൽ വരും.

രാജ്യത്ത് ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചത് 8380 കോവിഡ് കേസും 193 മരണവുമാണ്. ആകെ രോഗികൾ 1.82 ലക്ഷവും മരണം സംഖ്യ 5164ഉം ആയി. കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് എഴാം സ്ഥാനത്തായി. രാജ്യത്ത് കൂടുതൽ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇന്ന് മുതൽ നിലവിൽ വരും.

ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 8380 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 182142 ആയി. 89995 പേർ നിലവിൽ ചികിത്സയിലുണ്ട്. 86984 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 48 ശതമാനമാണ്.

ഉത്തരാഖണ്ഡിൽ സംസ്ഥാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളവർക്കും സ്റ്റാഫുമടക്കം 22 പേർക്ക് കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയിൽ 2487 പുതിയ കോവിഡ് കേസും 89 മരണവും കൂടി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 67655ഉം മരണം 2286ഉം ആയി. സംസ്ഥാനത്ത് 91 പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം 2416 ആയി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 19844ഉം മരണസംഖ്യ 473ഉം ആണ്.

എയിംസിന് പുറമെ സഫ്ദർജംഗ്, ആർ.എം.എൽ, ലോക് നായക് തുടങ്ങിയ ആശുപത്രികള്‍ക്ക് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നു എന്ന പരാതിയിൽ ഡൽഹി സർക്കാർ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് രണ്ട് പോലീസുകാർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിൽ കോവിഡ് സംഖ്യ 16794 ആയി. രാജസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം 8831 കടന്നു. ഉത്തർ പ്രദേശിൽ 262ഉം ഒഡീഷയിൽ 129ഉം അസമിൽ 56ഉം ഹിമാചൽ പ്രദേശിലും മണിപ്പൂരിലും നാല് വീതവും കോവിഡ് കേസുകൾ പുതിയതായി സ്ഥിരീകരിച്ചു.

ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ നൽകുന്ന അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇന്ന് മുതൽ പ്രാബല്യത്തിലാകും. വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചു. കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണം തുടർന്നു കൊണ്ട്‌ മറ്റിടങ്ങളിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള അനുവാദമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുള്ളത്.

രാജ്യത്ത് ഇന്ന് തുടങ്ങുന്ന 200 ട്രെയിൻ സർവീസിന് 2582671 യാത്രക്കാർ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ഇന്ന് മാത്രം 1.45 ലക്ഷം പേർ വിവിധ ട്രെയിനുകളിൽ യാത്ര ചെയ്യുമെന്നും റെയിൽവെ അറിയിച്ചു.