India National

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്നലെ

രാജ്യത്ത് ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചത് 7466 കോവിഡ് കേസും 175 മരണവുമാണ്.

നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ രാജ്യത്ത് ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചത് 7466 കോവിഡ് കേസും 175 മരണവുമാണ്. 4706 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണ നിരക്കിൽ ഇന്ത്യ തുർക്കിയെയും മറികടന്ന് ലോക പട്ടികയിൽ എട്ടാമതായി. ലോക്ക് ഡൗൺ നീട്ടുന്ന സംബന്ധിച്ച പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തിയേക്കും.

ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 7466 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ആകെ രോഗികൾ 165799 ആയി. 89987 പേർ നിലവിൽ ചികിത്സയിലുണ്ട്. 71105 പേർക്ക് അസുഖം ഭേദമായി. 175 മരണം പുതിയതായി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 4706 ആയി. മഹാരാഷ്ട്രയിൽ 2682 കോവിഡ് കേസും 116 മരണവും ഒടുവിലായി സ്ഥിരീകരിച്ചു.

ഡൽഹിയിൽ 1106 പുതിയ കേസുകളും 13 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 17386ഉം മരണം 398ഉം ആയി. ഉത്തരാഖണ്ഡിൽ 102ഉം അസമിൽ 30ഉം കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഉത്തർ പ്രദേശിൽ 4 മരണവും 275 കേസുമാണ് അവസാനം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 15944ഉം രാജസ്ഥാനിൽ 8365ഉം ആണ് ആകെ കോവിഡ് രോഗികൾ. രാജ്യത്ത് മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. 1.1 ലക്ഷം പരിശോധനകൾ പ്രതിദിനം നടത്തുന്നതായും 43% രോഗമുക്തി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രോഗബാധ രൂക്ഷമായി തുടരുന്നതിനാൽ 15 ദിവസം കൂടി അടച്ചുപൂട്ടൽ നീട്ടാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയന്ത്രിത മേഖലകളുടെയും ഇളവുകളുടെയും കാര്യത്തിൽ തീരുമാനം എടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ കൂടുതൽ അധികാരം ലഭിച്ചേക്കും. പ്രധാനമന്ത്രിയുടെ നാളത്തെ മന്‍കി ബാത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

രാജ്യത്ത് കോവിഡ് രോഗ വ്യാപനത്തിന്‍റെ 70 ശതമാനവുള്ള 13 നഗരങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി മറ്റിടങ്ങളിൽ നിയന്ത്രണങ്ങൾ കുറയ്ക്കാനാണ് വിദഗ്ധ സമിതികൾ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പശ്ചിമ ബംഗാളിൽ എല്ലാ ആരാധനാലയങ്ങളും ജൂൺ ഒന്ന് മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 10 പേരിൽ കൂടുതൽ ഒരു സമയം പ്രാർത്ഥനകൾക്ക് അനുവദിക്കില്ല.