India

ഇന്ത്യയും സൌദിയും സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാനൊരുങ്ങുന്നു

സൈനിക മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. ഇന്ത്യൻ കരസേനാ മേധാവി സൗദി സൈനിക വിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ധാരണ. ഇരുരാജ്യങ്ങളും വിവിധ വിഷയങ്ങളിൽ ചർച്ച പൂർത്തിയാക്കി. സൗദിയിലെ വിവിധ സൈനിക കേന്ദ്രങ്ങളിലും കരസേനാ മേധാവി സന്ദർശനം നടത്തി. ഇന്നലെയാണ് ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ റിയാദിലെത്തിയത്.

സൗദി റോയൽ ലാൻഡ് ഫോഴ്സ് ആസ്ഥാനത്ത് സൗദി റോയൽ ഫോഴ്സ് കമാൻഡർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽമുതൈറാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത്.

സൗദിയിലെ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ അദ്ദേഹം സംബന്ധിച്ചു. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇരു കൂട്ടരും ഒന്നിച്ചു പ്രവർത്തിക്കാനും ധാരണയായി. സൗദിയിലെ വിവിധ സൈനിക കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. യുഎഇയിൽ നിന്നും സൗദിയിലെത്തിയ കരസേനാ മേധാവി ഇന്ന് സൗദിയിൽ നിന്നും മടങ്ങും.