India National

കൂടുതല്‍ ഹൈ ടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും

കൂടുതല്‍ ഹൈടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും. ഇങ്ങനെ നിര്‍മിക്കുന്ന ആയുധങ്ങള്‍ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും പദ്ധതിയുണ്ട്. ഇതിനായി വിപുലമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കും.

ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും പുതിയ പങ്കാളിത്തങ്ങള്‍ക്കുമായി ഒരു സബ് വര്‍ക്കിംഗ് ഗ്രൂപ്പ് (എസ്ഡബ്ല്യുജി) രൂപീകരിച്ചു. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും ഇസ്രയേല്‍ പ്രതിനിധിയുമായിരിക്കും ഈ ഗ്രൂപ്പിന്റെ തലപ്പത്ത്. സാങ്കേതിക വിദ്യകളുടെ കൈമാറ്റം, നിര്‍മാണം, സാങ്കേതിക സുരക്ഷിതത്വം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആയുധങ്ങളുടെ കയറ്റുമതി അടക്കമുള്ളവയില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഈ സബ് ഗ്രൂപ്പിന്റെ തീരുമാനം.

രണ്ട് ദശാബ്ദത്തോളമായി ഇന്ത്യയിലേക്ക് ആയുധം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നാലില്‍ ഇസ്രയേലും ഉള്‍പ്പെടുന്നുണ്ട്. ഓരോ വര്‍ഷവും ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൈനിക ആയുധ വില്‍പനയാണ് ഇസ്രായേല്‍ നടത്തുന്നത്.

ഇന്ത്യന്‍ പ്രതിരോധ വ്യവസായം ശക്തമാകുന്നതോടെ കൂടുതല്‍ ഗവേഷണ-വികസന -ഉത്പാദന പദ്ധതികള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മിസൈലുകള്‍, സെന്‍സറുകള്‍, സൈബര്‍ സുരക്ഷ, വിവിധ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയില്‍ ഇസ്രയേല്‍ ഒരു ലോകനേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സഞ്ജയ് ജാജുവും ഇസ്രായേലില്‍ നിന്നുള്ള ഏഷ്യ – പസഫിക് ഡയറക്ടര്‍ ഇയല്‍ കാലിഫും ചേര്‍ന്നാണ് എസ്ഡബ്ല്യുജിക്ക് നേതൃത്വം നല്‍കുന്നത്.