India National

പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കുന്നു

പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും.

പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഡല്‍ഹിയിലും കശ്മീരിലും വിഘടനവാദികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.

ഇതിനിടെ അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. അതോടൊപ്പം പാകിസ്താനെതിരെ കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു.