India

ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

ശ്രീലങ്കയിലെ തമിഴ് വംശജർക്കെതിരായ യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിലാണ് ശ്രീലങ്കക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ പതിമൂന്ന് രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. 47 അംഗങ്ങളിൽ 22 പേർ അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി.

ശ്രീലങ്കയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള നടുക്കുന്ന റിപ്പോർട്ട് ജനുവരി 27 ആണ് പുറത്ത് വന്നത്. മുൻപ് നടന്ന അതിക്രമങ്ങളിൽ നടപടി ഒന്നുമില്ലാത്തത് അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രമേയം നീതീകരിക്കാൻ കഴിയാത്തതും യു.എൻ ചാർട്ടറുകൾക്ക് എതിരാണെന്ന് ശ്രീലങ്ക ആരോപിച്ചു.

അതേസമയം, ശ്രീലങ്കയിലെ തമിഴ് വംശജരുമായുള്ള അനുരഞ്ജന ശ്രമങ്ങൾ തുടരാനും അവരുടെ ആഗ്ര അഭിലാഷങ്ങളെ അനുകൂലമായി സമീപിക്കാനും ശ്രീലങ്കൻ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. അടിസ്ഥാനപരമായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹവുമായി നിർമാണാത്മകമായി ഇടപെടാനും ഇന്ത്യ ആവശ്യപ്പെട്ടു.