India National

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ഓര്‍മിക്കാന്‍ കാര്യമായി നല്ലതൊന്നുമില്ലാത്ത, ദുരന്തങ്ങള്‍ ഏറെയുണ്ടായ 2020. കൊറോണ എന്ന വൈറസ് ലോകത്തെയാകെ കുറേക്കാലം അടച്ചുപൂട്ടി. പതിയെപ്പതിയെ മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട് നമ്മള്‍ വൈറസിനൊപ്പം ജീവിക്കാന്‍ തുടങ്ങി. കോവിഡ് മാത്രമല്ല നമ്മുടെ രാജ്യത്ത് നാശം വിതച്ചത്. മഹാമാരിക്കിടയിലും ജനങ്ങള്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി. പുതിയ കാര്‍ഷിക നിയമവും ലേബര്‍ കോഡും ഉള്‍പ്പെടെയുള്ള ജനദ്രോഹ നിയമങ്ങളും നയങ്ങളും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍. രാജ്യത്ത് സ്ത്രീകളും ദലിതരുമെല്ലാം എത്രമാത്രം അരക്ഷിതരാണെന്ന് ചൂണ്ടിക്കാട്ടിയ ഹാഥ്റസ് സംഭവം. ന്യായമായ ആവശ്യങ്ങള്‍ക്കായി തെരുവിലിറങ്ങിയവരെപ്പോലും രാജ്യദ്രോഹികളെന്നും മാവോയിസ്റ്റുകളെന്നും ജിഹാദികളെന്നുമൊക്കെ ചാപ്പ കുത്തല്‍. ചുരുക്കത്തില്‍ നമ്മുടെ രാജ്യത്ത് ജനാധിപത്യവും പൗരാവകാശങ്ങളുമൊക്കെ വെന്‍റിലേറ്ററിലായ വര്‍ഷം കൂടിയാണിത്.

പൗരത്വ പ്രതിഷേധച്ചൂടില്‍ പുതുവര്‍ഷം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധച്ചൂടിനിടെയാണ് രാജ്യത്ത് പുതുവര്‍ഷം പിറന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രതിഷേധങ്ങള്‍ നടന്നത്. പ്രത്യേകിച്ച് ഷഹീന്‍ ബാഗ് കേന്ദ്രീകരിച്ച്. സ്ത്രീകളാണ് അവിടെ സമരത്തിന് നേതൃത്വം നല്‍കിയത്. ആ സമരത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന 82കാരിയായ ബില്‍കിസ് ബാനു ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരില്‍ ഒരാളായി മാറി.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

പൗരത്വ പ്രതിഷേധം സമാധാനപരമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൊല്ലപ്പെട്ടത് 53 പേര്‍. ‘രാജ്യദ്രോഹികളെ വെടിവെയ്ക്കണം. ലക്ഷക്കണക്കിന് ആളുകൾ ഷഹീൻ ബാഗിൽ ഒത്തുകൂടുന്നു. അവർക്ക് നിങ്ങളുടെ വീടുകളിൽ പ്രവേശിച്ച് നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യാന്‍ കഴിയും. എന്തുവേണമെന്ന് ജനങ്ങൾ ഇപ്പോൾ തീരുമാനിക്കേണ്ടതുണ്ട്’- അക്രമത്തിലേക്ക് നയിച്ചതില്‍ പര്‍വേഷ് വെര്‍മ, അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര തുടങ്ങിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ പങ്ക് അന്വേഷിക്കപ്പെട്ടതേയില്ല.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

അക്രമം അഴിച്ചുവിട്ടത് ആരെന്നും പൊലീസ് ആര്‍ക്കൊപ്പമായിരുന്നുവെന്നും തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. എന്നിട്ടും കലാപം ആസൂത്രണം ചെയ്തെന്ന കുറ്റം ചുമത്തി ജയിലിലടച്ചത് ഉമര്‍ ഖാലിദ്, സഫൂറ സര്‍ഗാര്‍, ഷര്‍ജില്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, നടാഷ നര്‍വാള്‍ തുടങ്ങിയ ജെഎന്‍യുവിലെയും ജാമിഅയിലെയും വിദ്യാര്‍ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് നിശബ്ദമായിരുന്ന ബിജെപി കേന്ദ്രങ്ങള്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നാണ് അമിത് ഷാ ഏറ്റവും ഒടുവില്‍ പറഞ്ഞത്.

ആസൂത്രണമില്ലാത്ത ലോക്ക്ഡൗണും കൂട്ടപ്പലായനവും

ലോകത്ത് കോവിഡ് ബാധിതരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാര്‍ച്ച് 24ന് 21 ദിവസത്തെ ലോക്ക്ഡൗണ്‍ ആണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. കൃത്യമായ ആസൂത്രണമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ സമാനതകളില്ലാത്ത ദുരന്തമായിത്തീര്‍ന്നു.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തുടരുക എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. എന്നാല്‍ അങ്ങനെ തുടരാന്‍ സുരക്ഷിതമായ ഒരു വീടില്ലാത്ത, കയ്യില്‍ പണം ഇല്ലാത്ത, തൊഴില്‍ ഇല്ലെങ്കില്‍ പട്ടിണി കിടക്കേണ്ടിവരുന്ന വലിയ വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനമാണ് പിന്നീട് കണ്ടത്. ചൂടും വിശപ്പും ദാഹവും സഹിച്ച് വിണ്ടുകീറിയ കാല്‍പാദങ്ങളുമായി കുഞ്ഞുങ്ങളും വൃദ്ധരും ഉള്‍പ്പെടെ കിലോമീറ്ററുകള്‍ നടന്ന് ജന്മനാടുകളിലെത്തി. പലായനത്തിനിടെ എത്ര തൊഴിലാളികളുടെ ജീവന്‍ പൊലിഞ്ഞു എന്ന ചോദ്യത്തിന് ആ കണക്കൊന്നും കയ്യില്‍ ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി. മാര്‍ച്ച് മുതല്‍ ജൂലൈ വരെ മാത്രം കുറഞ്ഞത് 971 പേര്‍ എന്നാണ് ചില സന്നദ്ധ സംഘടനകളുടെ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ട്രെയിനുകളില്‍ വെച്ച് മാത്രം 8 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ കുറഞ്ഞത് 80 പേര്‍ മരിച്ചെന്നാണ് റെയില്‍വെയുടെ കണക്ക്. അവരവരുടെ നാടുകളിലെത്തിയവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും 90 ശതമാനത്തിലധികം പേര്‍ക്കും തൊഴില്‍ ലഭിച്ചില്ല.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച, 480 ദശലക്ഷം തൊഴിലാളികളെ ബാധിക്കുന്ന പുതിയ ലേബര്‍ കോഡുകള്‍. ജോലിസമയം പന്ത്രണ്ടര മണിക്കൂര്‍ വരെയാകാം, 300 തൊഴിലാളികള്‍ വരെയുള്ള തൊഴിലിടങ്ങളില്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി വേണ്ട, ഏകപക്ഷീയമായ സേവന വേതന വ്യവസ്ഥകള്‍, തൊഴിലാളി യൂണിയനുകള്‍ക്ക് കടിഞ്ഞാണ്‍ എന്നിങ്ങനെ തൊഴിലാളികളെ കൊടുംചൂഷണത്തിലേക്ക് തള്ളിവിടുന്നതാണ് പുതിയ ലേബര്‍ കോഡുകള്‍.

ഹാഥ്റസിലെ കൊടുംക്രൂരത

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

മേല്‍ജാതിക്കാരായ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്നുകളഞ്ഞ ഹാഥ്റസിലെ പെണ്‍കുട്ടിക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബത്തിന് വിട്ടുകൊടുക്കുക പോലും ചെയ്യാതെ പൊലീസ് തന്നെ കത്തിച്ചുകളയുകയാണുണ്ടായത്. പതിവുപോലെ ഇരയെ അധിക്ഷേപിക്കാനും അക്രമികളെ ന്യായീകരിക്കാനും ആളുണ്ടായി. കുടുംബത്തിന് നീതി തേടിയെത്തിയവരെ പൊലീസ് തടഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇപ്പോഴും ജയിലിലാണ്.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍
Kunal Varma

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പെണ്‍കുട്ടി മരണ മൊഴി നല്‍കിയിട്ടും വൈദ്യപരിശോധന നടത്തിയില്ല, ലൈംഗിക അതിക്രമം എന്ന വകുപ്പ് ചുമത്തിയില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് പ്രതിദിനം 87 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഹാഥ്റസ് ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ രാജ്യത്ത് ഒന്നാമത്.

ബാബരി മസ്ജിദ് ആരും തകര്‍ത്തിട്ടില്ല!

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ബാബരി മസ്ജിദ് വാര്‍ത്തകളില്‍ നിറഞ്ഞ വര്‍ഷം കൂടിയാണിത്. ആഗസ്ത് 5ന് പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മാണത്തിന് തറക്കലിട്ടു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന്‍റെ ഒന്നാം വര്‍ഷികത്തിലെന്നത് യാദൃച്ഛികതയാവാം. അയോധ്യ മുന്‍നിര്‍ത്തിയാണ് സംഘപരിവാരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വേരുകള്‍ ആഴ്ത്തിയത്. 1990കളില്‍ വിവിധ സംസ്ഥാനങ്ങളിലൂടെ രഥമുരുട്ടി മതേതരത്വം ചവിട്ടിമെതിച്ച് 92ല്‍ മസ്ജിദ് തകര്‍ത്തു. നമ്മുടെ രാജ്യത്തിന്‍റെ മനിരപേക്ഷത വിറങ്ങലിച്ചുപോയ നാളുകള്‍. എന്നാല്‍ പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ച് എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍സിങ് തുടങ്ങി എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടതും ഈ വര്‍ഷമാണ്.

ഒളിയജണ്ടയുമായി ലവ് ജിഹാദ് നിയമം

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

പശുവിന്‍റെ പേരിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ ആള്‍ക്കൂട്ട ആക്രമണങ്ങളും തല്ലിക്കൊല്ലലും. ഈ വര്‍ഷം സാമുദായിക ധ്രുവീകരണത്തിന് പുതിയ ഒരു നിയമം കൂടി മുന്നോട്ടുവെയ്ക്കുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ലവ് ജിഹാദ് തടയാനെന്ന പേരിലുള്ള നിയമം ഉത്തര്‍ പ്രദേശില്‍ പ്രാബല്യത്തിലായി. മുസ്‍ലിം ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ നിയമം പ്രാബല്യത്തിലായതോടെ ഇതിനകം യുപിയില്‍ അറസ്റ്റിലായി. ബജ്റംഗദളിന്‍റെ പരാതിയില്‍ അറസ്റ്റ് ചെയ്ത യുവാവിനെയും സഹോദരനെയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത് കഴിഞ്ഞ ദിവസമാണ്. അതായത് ഏത് മിശ്ര വിവാഹത്തിനെതിരെയും ആര് പരാതി നല്‍കിയാലും അന്വേഷണം നടക്കും. അതിലൂടെ ദമ്പതികള്‍ കോടതി കയറിയിറങ്ങി നിരപരാധിത്വം തെളിയിക്കേണ്ടിവരും.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായി അവകാശമുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ നിയമ നിര്‍മാണമെന്നതും ശ്രദ്ധേയമാണ്. വിവാഹത്തോട് അനുബന്ധിച്ചുള്ള മതംമാറ്റങ്ങളില്‍ വിദേശ ഫണ്ടിങ്, തീവ്രവാദ ബന്ധം, ആസൂത്രിത ഗൂഢാലോചന എന്നിവയെല്ലാമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിക്കാറുള്ളത്. എന്നാല്‍ ലവ് ജിഹാദ് കേസുകളൊന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ പാര്‍ലമെന്‍റില്‍ അറിയിച്ചതാണ്. എന്നിട്ടും മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും യുപിക്ക് പിന്നാലെ നിയമ നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

2018ലെ ഭീമ കൊറേഗാവ് സംഭവത്തിന്‍റെ മറവില്‍ അര്‍ബന്‍ നക്സലൈറ്റുകള്‍ എന്ന് ആരോപിച്ച് പ്രൊഫസര്‍മാര്‍, ഗവേഷകര്‍, പൌരവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ ദേശദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് ഈ വര്‍ഷവും തുടര്‍ന്നു. മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും ഈ വര്‍ഷമാണ്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും വാര്‍ത്താ പോര്‍ട്ടുലകള്‍ക്കുമെല്ലാം നിയന്ത്രണം ബാധകമായിരിക്കും. സര്‍ഗാത്മകതയെ സെന്‍സര്‍ ചെയ്യുന്നതിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ഒരു ആത്മഹത്യയെ ചൊല്ലിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടന്നു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യ രാഷ്ട്രീയവല്‍ക്കരിച്ച് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ബിജെപി ശ്രമിച്ചു. കുറച്ചുകാലം പുകമറയുണ്ടാക്കി എന്നതല്ലാതെ രാഷ്ട്രീയമായി വലിയ നേട്ടമൊന്നും ഉണ്ടായില്ല.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനിടെ നമ്മുടെ 20 സൈനികര്‍ രക്തസാക്ഷിത്വം വരിച്ചതും ഈ വര്‍ഷമാണ്. അതിര്‍ത്തികള്‍ ഇന്നും പൂര്‍ണമായും ശാന്തമായിട്ടില്ല.

ഈ വര്‍ഷം അവസാനിക്കുമ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത സമരത്തിനാണ്. ബാരിക്കേഡുകളും ജലപീരങ്കിയും കണ്ണീര്‍വാതകവും അതിജീവിച്ച് ഒറ്റയ്ക്കും കൂട്ടമായും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തി. ലക്ഷ്യം ഒന്ന് മാത്രം- കര്‍ഷകവിരുദ്ധ, കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക.

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

സമരക്കാരെ ഭിന്നിപ്പിക്കാന്‍ പല അടവുകളും സര്‍ക്കാര്‍ അനുകൂലികള്‍ പുറത്തെടുത്തു. ഖാലിസ്ഥാന്‍ വാദികളാണ് സമരം നടത്തുന്നത്, ചൈനയും പാകിസ്താനുമാണ് സമരത്തിന് പിന്നില്‍, മാവോയിസ്റ്റുകളും ജിഹാദികളും സമരത്തിലേക്ക് നുഴഞ്ഞുകയറി എന്നിങ്ങനെ ഒട്ടനവധി വ്യാജപ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പുറത്തും നടത്തിയെങ്കിലും സമരക്കാരുടെ മനോവീര്യം തകര്‍ക്കാനായില്ല. കൊടുംതണുപ്പിലെ സമരം ഒരു മാസത്തിലെത്തുമ്പോള്‍ 26 കര്‍ഷകരുടെ ജീവന്‍ പൊലിഞ്ഞു. കര്‍ഷകരുടെ ചോര നീരാക്കിയുള്ള അധ്വാനമാണ് നമ്മുടെ അന്നം. ഈ സമരം നമ്മുടെ അന്നം മുടങ്ങാതിരിക്കാന്‍ കൂടി വേണ്ടിയുള്ളതാണ്.