India National

കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി നാഗേഷിന്റെ രാജി

കര്‍ണാടക സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി മന്ത്രി എച്ച്.നാഗേഷിന്റെ രാജി. രാജി വച്ച നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ജെ.ഡി.എസും വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെ രാജി. അനുനയ നീക്കങ്ങളുടെ ഭാഗമായി നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ പാര്‍ട്ടിക്ക് രാജി നല്‍കി. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്- ദള്‍ നേതൃത്വങ്ങള്‍ സകല തന്ത്രങ്ങളും പയറ്റുന്നതിനിടെയാണ് എച്ച് നാഗേഷിന്റെ രാജി.

സ്വതന്ത്ര എം.എല്‍.എയായ നാഗേഷ് കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിലാണ് സര്‍ക്കാറിന്റെ ഭാഗമാകുന്നത്. ബി.ജെ.പി സര്‍ക്കാറുണ്ടാക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നും നാഗേഷ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിമത എം.എല്‍.എമാരെ മന്ത്രിമാരാക്കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ്-ദള്‍ നേതൃത്വം മുന്നോട്ട് പോകുകയാണ്. ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും പങ്കെടുത്തു. അനുനയ നീക്കങ്ങളുടെ ഭാഗമായി കോണ്‍‌ഗ്രസ് മന്ത്രിമാര്‍ പാര്‍ട്ടിക്ക് രാജി നല്കി. അതേസമയം സമവായ ഫോര്‍മുലകളോട് വിമത എം.എല്‍.എമാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ ബി.ജെ.പിക്ക് 106ഉം കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് 105മാണ് നിയമസഭയിലെ കക്ഷിനില.