കനത്ത സുരക്ഷയില്‍ ജമ്മുകശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ഷേര്‍ എ കാശ്മീര്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്രദിനാഘോഷചടങ്ങില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് ആണ് പതാക ഉയര്‍ത്തിയത്. ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും സ്വന്തം സ്വത്വം ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കുപ്‌വാര, ലഡാക്ക് എന്നീ മേഖലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.
അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം കനത്ത സുരക്ഷയിലാണ് നടന്നത്. ശ്രീനഗറിലെ ഷേര്‍ എ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് സി.ആര്‍.പി.എഫിന്റെയും ജമ്മുകശ്മീര്‍ പൊലീസിന്റെയും പരേഡ് വീക്ഷിച്ചു. ചരിത്രപരമായി നടപടിയാണ് ജമ്മുകശ്മീരിലേതെന്നും സ്വത്വം ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഗവര്‍ണര്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും വളരാനുള്ള സംരക്ഷണം ഭരണഘടന നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഭീകരവാദത്തിന് നേരെ സഹിഷ്ണുത ഉള്ള നിലപാടല്ല സര്‍ക്കാരിന്റേത്. സൈനിക നടപടികളിലൂടെ ഭീകരര്‍ അടിയറവ് പറഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ശ്രീനഗറില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളില്‍ തന്നെയാണ് കശ്മീരില്‍ പലയിടങ്ങളും ഇപ്പോഴും ഉള്ളത്. മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള അടക്കമുള്ള നിരവധി നേതാക്കളെ ഇപ്പോഴും അറസ്റ്റ് ചെയ്തിരിക്കുകയാണ്.