India National

കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വീരപ്പ മൊയ്‍ലി

കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‍ലി. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുതകയാണെങ്കില്‍ പാര്‍ട്ടിയെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ച ശേഷമാകണമെന്നും വീരപ്പ മൊയ്‍ലി തുറന്നടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനവും ഉണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ ഭാവിയില്‍ മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‍ലി ആശങ്ക പ്രകടിപ്പിച്ചത്. ഒപ്പം രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു. നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിക്ക് അപകടമാണ്. എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങി, മൗനം വെടിയണം.

രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തുടരണമെന്നാണ് ആവശ്യം. പക്ഷെ രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അധ്യക്ഷ പദവിയിലേക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തണം. പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം രാഹുലിനുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് തെലുങ്കാന എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാണ്. ഇക്കാര്യങ്ങളില്‍ രാഹുലിന്‍റെ അടിയന്ത ഇടപെടല്‍ ആവശ്യമാണ്. പാര്‍ട്ടിയുടെ മുന്നോട്ട് പോക്കിലും പ്രശ്ന പരിഹാരത്തിലും നേതൃത്വം സമയോജിതവും ഫലപ്രദവുമായി ഇടപെടുന്നതില്‍ പരാജയപ്പെട്ടു. നിലവിലെ പ്രതിസന്ധിക്ക് അത് കാരണമായെന്നും വീരപ്പ മൊയ്‌ലി കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വീരപ്പ മൊയ്‍ലി തുറന്നടിച്ചത്.