തമിഴ്നാട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും. ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പുതുച്ചേരി ഉള്‍പ്പെടെ പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡി.എം.കെ സഖ്യമുണ്ടാകുമ്പോള്‍ ഫലത്തില്‍ ഒരിയ്ക്കല്‍ കൂടി യു.പി.എയുടെ ഭാഗമാവുകയാണ് ഡി.എം.കെ.
സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പാവുമ്പോള്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുണ്ടാക്കിയ മുന്നണി ജനങ്ങളുടെതല്ലെന്നും പണത്തിന്റെതു മാത്രമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷയാണ് ഡിഎംകെ മുന്നണിയില്‍ ഉള്ളതെന്നും രാജ്യത്തെ ജനങ്ങള്‍ ഇത് ആഗ്രഹിയ്ക്കുന്നുണ്ടെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
മറ്റ് സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമെ, ഡിഎംകെ എത്ര സീറ്റുകളില്‍ മത്സരിയ്ക്കുമെന്ന കാര്യം പ്രഖ്യാപിയ്ക്കു. ഇനി മുപ്പത് സീറ്റുകളാണ് ബാക്കിയുള്ളത്. സി.പി.എം, സി.പി.ഐ, മുസ്ലീം ലീഗ്, എം.ഡി.എം.കെ, വി.സി.കെ തുടങ്ങി തുടങ്ങി നിരവധി കക്ഷികള്‍ ഇതിനകം തന്നെ സീറ്റെന്ന ആവശ്യവുമായി എം.കെ. സ്റ്റാലിനെ സമീപിച്ചു കഴിഞ്ഞു.