India National

കശ്മീരില്‍ കാവി കളഞ്ഞ് പച്ചയുടുത്ത് ബി.ജെ.പി

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ ബി.ജെ.പി കാവിയല്ല, ‘പച്ചയാണ്’. കുറച്ചധികം പച്ച നിറം കണ്ടാല്‍ പാക്കിസ്ഥാനെന്നും തീവ്രവാദമെന്നും അലമുറയിടുന്ന സംഘപരിവാറാണ് ഇപ്പോള്‍ മുസ്‍ലിം ഭൂരിപക്ഷമുള്ള കശ്‍മീരില്‍ പച്ച തന്നെ തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുന്നത്. കശ്മീരിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളിലാണ് കാവി ഉപേക്ഷിച്ച് പച്ച നിറത്തിലുള്ള പോസ്റ്ററുകളുമായി ഈ വിരോധാഭാസം.

കശ്മീരില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീര്‍, ഏറ്റവുമധികം വായനക്കാരുള്ള ഉറുദു പത്രം കശ്മീര്‍ ഉസ്മ എന്നിവയിലാണ് പച്ച പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ‘നുണകള്‍ ഉപേക്ഷിക്കൂ, സത്യം പറയൂ’ എന്ന തലക്കെട്ടും പരസ്യങ്ങളിലുണ്ട്. കേരളത്തില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ ലീഗ് പതാകയെ ‘പാക് പതാക’യാക്കി മാറ്റി രംഗത്തെത്തിയ ബി.ജെ.പിയാണ് ഇപ്പോള്‍ കാവി മാറ്റി പച്ചയിലിരുന്ന് വോട്ട് തേടുന്നത്.

വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ ലീഗ് പതാകയെ ‘പാക് പതാക’യാക്കി മാറ്റി രംഗത്തെത്തിയ ബി.ജെ.പിയാണ് ഇപ്പോള്‍ കാവി മാറ്റി പച്ചയിലിരുന്ന് വോട്ട് തേടുന്നത്.

സാധാരണ ബി.ജെ.പി കൊടിയുടെ ഒരു ഭാഗം പച്ചയാണെങ്കിലും കൂടുതല്‍ ഭാഗവും കാവി തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകളില്‍ ഭൂരിഭാഗം ഭാഗത്തും പച്ച നിറവും, ഒപ്പം കറുപ്പും വെളുപ്പും നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പേരിനുപോലും ഒരു തരി കാവിയില്ലെന്ന് സാരം. അതേസമയം പച്ച നിറം ഉപയോഗിച്ചതില്‍ യാദൃശ്ചികമായി ഒന്നുമില്ലെന്നാണ് ബി.ജെ.പി വക്താവ് അല്‍താഫ് താക്കുറിന്റെ പ്രതികരണം. ”പച്ച ഞങ്ങളുടെ കൊടിയില്‍ തന്നെയുള്ള ഒരു നിറമാണ്. സമാധാനത്തിന്റെയും വികസനത്തിന്റെയും പ്രതീകമായാണ് പച്ച ഉപയോഗിച്ചത്.” താക്കുര്‍ പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായപ്പോള്‍ ബി.ജെ.പി നേതാവ് പ്രേരണാകുമാരിയാണ് ലീഗ് പതാകയെ ‘പാക് പതാക’യാക്കി മാറ്റി വ്യാജ പ്രചാരണവുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനായി മുസ്ലിം ലീഗിന്റെ കൊടിയും രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും, വയനാട്ടിൽ നടന്ന പ്രകടനത്തിന്റെ ചാനൽ ദൃശ്യവും ട്വീറ്റില്‍ ചേര്‍ത്തിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ സജീവമായതോടെ, വയനാട്ടിലെ പ്രചാരണങ്ങളില്‍ ലീഗ് കൊടിയും അടയാളങ്ങളും ഒഴിവാക്കണമെന്ന തരത്തില്‍ വരെ പ്രചാരണങ്ങളുണ്ടായി. പിന്നീട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തന്നെ രംഗത്തെത്തി, ഇത്തരത്തില്‍ യാതൊരു വിലക്കുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.