വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം അവശേഷിക്കെയാണ് പ്രതികളുടെ പുതിയ നീക്കം
2012ൽ നിർഭയ കുറ്റകൃത്യം നടന്ന ദിവസം താൻ ഡൽഹിയിലുണ്ടായിരുന്നില്ലെന്ന് കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്. കുറ്റകൃത്യം നടന്ന ദിവസം ഇയാൾ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് ശർമയുടെ അഭിഭാഷകൻ എം.എൽ. ശർമ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി. പീഡനം നടന്ന ഡിസംബർ 16ന് ഡൽഹിയിൽ ഇല്ലായിരുന്നതിനാൽ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിങ് ഹർജി നൽകിയത്. ഡൽഹിയിൽ ഇല്ലായിരുന്ന തന്നെ രാജസ്ഥാനിൽ നിന്ന് അറസ്റ്റു ചെയ്ത് ഡിസംബർ 17ന് ഡൽഹിയിൽ കൊണ്ടുവരികയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. തിഹാർ ജയിലിൽ ദേഹോപദ്രവം ഏൽക്കേണ്ടിവന്നെന്നും ഹർജിയിൽ പറയുന്നു. മുകേഷ് സിങ്ങിന്റെ ഹർജി ബാലിശമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം അവശേഷിക്കെയാണ് പ്രതികളുടെ പുതിയ നീക്കം. മാർച്ച് 20 പുലർച്ചെ 5.30 നാണ് നിർഭയ കേസ് പ്രതികളെ തൂക്കിലേക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുകേഷ് സിങ് ഒഴികെ മറ്റു മൂന്നു പ്രതികളും വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. അക്ഷയ് കുമാർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.