അഴിമതിക്കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലക്കെതിരെ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴ വാങ്ങി സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂല വിധി പുറപ്പെടുവിച്ചെന്നാണ് കേസ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി സി.ബി.ഐ അന്വേഷണം നേരിടുന്നത്.
2017ല്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സുപ്രീകോടതിയുടെ മേല്‍നോട്ടത്തില്‍ ജഡ്ജിമാരുടെ പാനല്‍ ശുക്ലക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ശുക്ലയോട് രാജി ആവശ്യപ്പെട്ടു. എന്നാല്‍ രാജി ആവശ്യം ശുക്ല തള്ളി.
നിലവാരമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളുടെ പേരിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ജി.സി.ആര്‍.ജി മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിന് അനുകൂലമായി ശുക്ല കോടതി വിധി തിരുത്തിയത്.
കഴിഞ്ഞമാസം ശുക്ലയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.