India National

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ജോലികളും ഇനി നാട്ടുകാര്‍ക്ക്… നിയമം പാസാക്കി

രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയില്‍ പ്രാദേശിക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ തൊഴിലിടങ്ങളിലും ആന്ധ്രാക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന നിയമം വൈ.എസ് ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പാസാക്കി.

സ്വകാര്യ തൊഴില്‍ ഇടങ്ങളില്‍ 75 ശതമാനം ജോലികളും ആന്ധ്രാപ്രദേശുകാര്‍ക്ക് സംവരണം ചെയ്യുന്ന നിയമമാണ് സര്‍ക്കാര്‍ പാസാക്കിയത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള യാതൊരു പരിരക്ഷകളും ലഭിക്കില്ല. നിയമപ്രകാരം യോഗ്യതയുള്ള ആന്ധ്രാപ്രദേശുകാരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ പരിചയമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പരിശീലനം നല്‍കി ജോലി നല്‍കണമെന്നാണ് അനുശാസിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലെന്ന മുടന്തന്‍ന്യായം ഇതുവഴി മറികടക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് ജഗ്‍മോന്‍ റെഡ്ഡി വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥും പ്രാദേശിക തൊഴില്‍ സംവരണം എന്ന സമാന വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സമാന നിയമം കൊണ്ടുവരണമെന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും ആവശ്യം ഉയരുന്നുണ്ട്.