India National

മോദി വിജയിക്കണമെന്ന് പാക് പ്രധാനമന്ത്രി; ‘ഭക്തര്‍’ ആശയക്കുഴപ്പത്തിലായെന്ന് മെഹ്‍ബൂബ മുഫ്തി

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പരിഹസിച്ച് മെഹ്‍ബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതാണ് പാകിസ്താന് ഗുണമെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയാണ് ഇരുനേതാക്കളും ട്രോളിന് വിഷയമാക്കിയിരിക്കുന്നത്.

മോദിയുടെ തെരഞ്ഞെടുപ്പ് വിജയം ആഗ്രഹിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രിയെ പുകഴ്‍ത്തിയാല്‍ കുഴപ്പമാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് മോദി ഭക്തരെന്നും അവരിപ്പോള്‍ അതോര്‍ത്ത് തല ചൊറിഞ്ഞിരിക്കുകയാണെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്‍ബൂബ മുഫ്തി പരിഹസിച്ചു. ”ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാണമെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നതെങ്കില്‍ എല്ലാ കാവല്‍ക്കാരും കൂടി അതിനെ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു എന്ന് ഒന്നു ചിന്തിച്ചുനോക്കൂ…” എന്നാണ് ഒമര്‍ അബ്ദുല്ലയുടെ പരിഹാസം. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ പാകിസ്താന്‍ ചരടുവലി നടത്തിയിട്ടുണ്ടെന്ന് വരെ പലവട്ടം മോദി പറഞ്ഞിട്ടുണ്ടെന്ന് ഒമര്‍ ഓര്‍മ്മിപ്പിച്ചു.