India National

ക്ഷീരമേഖലയെ തകര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ

ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ. ക്ഷീര മേഖലയെ തകർക്കുന്ന നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് കർഷക സംഘടനകളോട് ആവർത്തിക്കെയാണ് സർക്കാർ നീക്കം. ആര്‍.സി.ഇ.പി കരാർ സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഒന്നാം മോദി സർക്കാർ പ്രതിനിധി സുരേഷ് പ്രഭു ന്യൂസിലൻറുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നതായാണ് വിവരം.

പാൽ ഉൽപാദത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കര്‍ഷകരില്‍ ഭൂരിഭാഗത്തിന്റെയും ഉപജീവന മാര്‍ഗമാണ് പാല്‍ ഉല്‍പാദനം. എന്നിട്ടും ഇറക്കുമതി തീരുവ കൂടാതെ ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ന്യൂസിലന്റുമായി ധാരണയിലെത്തിയിരിക്കുകയാണ്.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ബി.ജെ.പി ആസ്ഥാനത്ത് വിളിച്ച പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പോലും ഉറപ്പ് നല്‍കിയതാണ് ഇറക്കുമതി ഉണ്ടാകില്ലെന്ന്. അതേസമയം ഒന്നാം മോദി സര്‍ക്കാര്‍ തന്നെ ഇതിനുള്ള അനുമതി നല്‍കിയിരുന്നു എന്നാണ് ന്യൂസിലന്റിലെ വ്യാപാര പ്രതിനിധികൾ ഇന്ത്യയിലെ കര്‍ഷക സംഘടന നേതാക്കള്‍ക്ക് നല്‍കിയ വിവരം.

കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് രാജ്യത്തെ 180 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ തീരുമാനം. നിലവില്‍ ബാങ്കോക്കില്‍ പുരോഗമിക്കുന്ന അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഡിസംബറോടെ കരാറില്‍ ഒപ്പ് വെക്കാനാണ് ആലോചന.