India

ദുരിതം വിതച്ച് മുംബൈയില്‍ കനത്ത മഴ; ആശുപത്രികളും റോഡുകളും വെള്ളത്തില്‍

കോവിഡിനൊപ്പം കനത്ത മഴയും മുംബൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കനത്ത മഴ റെയിൽ, റോഡ് ഗതാഗതത്തെ ബാധിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 150 മില്ലീ മീറ്റർ -200 മില്ലീമീറ്റർ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാജ്യം കോവിഡുമായി പോരാടുന്ന ഈ സമയത്ത് സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ മഴ ഭീഷണിയാകുമെന്നാണ് ആശങ്ക. അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം കയറുന്നതിനെത്തുടർന്ന് സെൻട്രൽ, ഹാർബർ ലൈനുകളിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ബി.എം.സി അറിയിച്ചു.

കനത്ത മഴയില്‍ പ്രധാന കോവിഡ് ആശുപത്രിയായ നായര്‍ ഹോസ്പിറ്റല്‍ വെള്ളത്തില്‍ മുങ്ങി. ആശുപത്രിയിലെ കിടക്കകളും മറ്റ് ഉപകരണങ്ങളും വെള്ളത്തില്‍ ഒഴുകിനടക്കുന്ന അവസ്ഥയാണ്.