India National

ഐ.ഐ.ടി മരണം; മൊബെെല്‍ഫോണിന്റെ ഫൊറൻസിക് പരിശോധന നടത്തി

മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച ഫാത്തിമയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധന തുടങ്ങി. ഇന്നലെ ചെന്നൈയിലെത്തിയ ബന്ധുക്കൾ ഫാത്തിമയുടെ ലാപ്ടോപ്പും ടാബ് ലെറ്റും ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് ഉടനെ കോടതിയിൽ സമർപ്പിയ്ക്കും.

ആത്മഹത്യ കുറിപ്പ് അടങ്ങിയ ഫാത്തിമയുടെ മൊബൈൽ ഫോണാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിഭാഗം പരിശോധിച്ചത്. ഇതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ചതിനെ തുടർന്ന് ചെന്നൈയിലെത്തിയ പിതാവ് ലത്തീഫ്, സഹോദരി ആയിഷ എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.

അന്വേഷണ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഹൈക്കോടതിയിൽ ഹർജി നൽകുന്നത് ഇപ്പോഴുണ്ടാകില്ലെന്ന് പിതാവ് ലത്തീഫ് അറിയിച്ചു. ഫാത്തിമയുടെ മാതാവിന്റെ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം അടുത്ത ദിവസങ്ങളിൽ കൊല്ലത്തെത്തും. എട്ട് സഹപാഠികളുടെ മൊഴികളും വീണ്ടും രേഖപ്പെടുത്തും. ഇവരെല്ലാം വീടുകളിൽ ആയതിനാൽ സമൻസ് അയച്ച് വിളിപ്പിച്ചായിരിക്കും മൊഴിയെടുക്കുക.

കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള ശ്രമങ്ങളും കുടുംബം ആരംഭിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഇന്ന് വീണ്ടും കണ്ടേക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും തുടരുന്നുണ്ട്. ഇന്നലെ എൻ.എസ്.യുവിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.