ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിക്കെതിരെ മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല. നാര്‍കോട്ടിക്സ് ബ്യൂറോ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. വിവേക് ഒബ്റോയിയുടെ വീട് ബംഗളൂരു പൊലീസ് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
“വിവേക് ഒബ്റോയ് ബിജെപിയുടെ താരപ്രചാരകനാണ്. നരേന്ദ്ര മോദിയായി അഭിനയിച്ച ആളാണ്. ബംഗളൂരു പൊലീസ് മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണ് വന്നത്. പക്ഷേ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കാന്‍ തയ്യാറാവുന്നില്ല. വിവേക് ഒബ്റോയിയും മയക്കുമരുന്ന് കേസും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍സിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കും”- അനില്‍ ദേശ്മുഖ് വ്യക്തമാക്കി.
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിവേക് ഒബ്റോയിയുടെ ഭാര്യയുടെ സഹോദരന്‍ ആദിത്യ ആല്‍വയെ തേടിയാണ് ബംഗളൂരു പൊലീസ് മുംബൈയിലെത്തിയത്. ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്നും ബംഗളൂരു ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ 15 പേര്‍ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളുമുണ്ട്. പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍ തോന്‍സെ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ്സ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിലാണ്. വിവേകിന്‍റെ ഭാര്യയോട് ചോദ്യംചെയ്യലിന് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡ് – ലഹരി മാഫിയ ബന്ധത്തെ കുറിച്ചുള്ള അന്വേഷണമായി വഴിമാറിയിരുന്നു. ബിജെപി മഹാരാഷ്ട്ര സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഈ അന്വേഷണത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു. മുംബൈ പൊലീസ് സുശാന്ത് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ഒപ്പം നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം തുടങ്ങി. ബിജെപിയുമായി ബന്ധമുള്ളവരെ കുറിച്ച് ആരോപണം ഉയരുമ്പോള്‍ എന്‍സിബി അന്വേഷിക്കാന്‍ മടിക്കുന്നുവെന്നാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്.