India National

ഐഎന്‍എസ് വിക്രമാദിത്യ ഇനി അറബിക്കടലില്‍ വിലസും

വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ അറബിക്കടലില്‍ നിയോഗിച്ച്‌ ഇന്ത്യ. മേഖലയില്‍ ചൈനയും, പാകിസ്ഥാനും ഒന്‍പത് ദിവസത്തെ നാവികാഭ്യാസം നടത്തുന്നതിന് ഇടെയാണ് അയല്‍ക്കാര്‍ക്കുള്ള ശക്തമായ സന്ദേശവുമായി ന്യൂ ഡല്‍ഹി ഈ നീക്കം നടത്തുന്നത്. ഈ ആഴ്ച ഐഎന്‍എസ് വിക്രമാദിത്യ ദൗത്യവുമായി ഇറങ്ങിയപ്പോള്‍ നേവി ആസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ട്.

കൂട്ടാളികളായ ചൈനയും, പാകിസ്ഥാനും തിങ്കളാഴ്ചയാണ് അറബിക്കടലില്‍ സുപ്രധാനമായ നാവിക അഭ്യാസം തുടങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും, പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുകയാണ് ഉദ്ദേശം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് സീ ഗാര്‍ഡിയന്‍സ് എന്ന നാവിക അഭ്യാസം നടക്കുന്നത്. ഇരുരാജ്യങ്ങളുടെയും അന്തര്‍വാഹിനികളും, യുദ്ധകപ്പലുകളും, ഫ്രിഗേറ്റുകളും അഭ്യാസത്തിന്റെ ഭാഗമാണ്.

മിഗ്29കെ യുദ്ധവിമാനങ്ങളുള്ള ഐഎന്‍എസ് വിക്രമാദിത്യ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് നിയോഗിക്കപ്പെടുന്നത്. ഡെപ്യൂട്ടി ചീഫ് എംഎസ് പവാര്‍ അറബിക്കടലിലെ ഐഎന്‍എസ് വിക്രമാദിത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പോരാട്ടങ്ങളുടെ രാജ്ഞിയായ ഇന്ത്യയുടെ വിമാനവാഹിനി കപ്പല്‍ അതിന്റെ പേര് നിലനിര്‍ത്തുന്ന പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന് നേവി വക്താവ് വിശദീകരിച്ചു.

നോര്‍ത്ത് അറബിക്കടലില്‍ ചൈന തങ്ങളുടെ പ്രവര്‍ത്തനം വിപുലമാക്കുകയാണ്. പാകിസ്ഥാന്റെ ഗദര്‍ പോര്‍ട്ട് അവരാണ് വികസിപ്പിക്കുന്നത്. ചൈന പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ ഭാഗമായുള്ള വികസനങ്ങളുടെ ഭാഗമാണിത്. എന്നാല്‍ ചൈനീസ് കടന്നുകയറ്റം അനുവദിക്കില്ലെന്ന് ഇന്ത്യന്‍ നേവി വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇന്ത്യന്‍ നേവി ഒരു ചൈനീസ് പിഎല്‍എ കപ്പലിനെ ഇന്ത്യയുടെ ഭാഗമായ ഇക്കണോമിക് സോണില്‍ നിന്നും തുരത്തിയിരുന്നു. 2013 നവംബറിലാണ് ഐഎന്‍എസ് വിക്രമാദിത്യ ഇന്ത്യന്‍ നേവിയുടെ ഭാഗമായത്.