പാക് കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ ബോര്‍ഡറിലെത്തിച്ചു. റെഡ് ക്രോസിന്റെ പരിശോധനകള്‍ക്കൊടുവിലാകും വര്‍ധമാനെ ഇന്ത്യക്ക് കൈമാറുക. ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിച്ചത്. അമൃത്സറില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ ഡല്‍ഹിയിലെത്തിക്കും. അഭിനന്ദനെ സ്വീകരിക്കാന്‍ വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത്താരിയിലെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ അഭിനന്ദന്‍ കണ്ടേക്കും.
അഭിനന്ദന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ വിജയം
അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് എന്നാണ് പാക് പ്രധാനമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ഇന്ത്യയുടെ ശ്രമഫലമായുണ്ടായ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉപാധികളില്ലാതെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയക്കുന്നത്. കാണ്ഡഹാര്‍ മാതൃകയില്‍ വിലപേശലിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തത്.