India National

ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകുമോ ? പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെ…

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെയാണ് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ഇതോടെ താരം ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് പ്രകാശ് രാജ്. നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ് രാജ് തള്ളിക്കളയുന്നത്.

ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് ജനങ്ങളുടെ ശബ്ദമാകാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് പ്രകാശ് രാജ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. ബി.ജെ.പി വിരുദ്ധ നിലപാടാണ് പ്രകാശ് രാജ് പൊതുവെ സ്വീകരിച്ചിട്ടുള്ളതെങ്കിലും കോണ്‍ഗ്രസും ജെ.ഡി.എസും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. നാണംകെട്ട ഒരു കൂട്ടം ആളുകളുടെ സംഘമാണ് ബി.ജെ.പിയെന്നും അദ്ദേഹം വിമര്‍ശിച്ചു .

അവര്‍ അവരെ സ്വയം വിളിക്കുന്നത് ഗോ ഭക്തരെന്നാണ്. പക്ഷേ വര്‍ഷത്തിലെ ഏറ്റവും സുപ്രധാന ദിനമായ മകര സംക്രാന്തിയില്‍ അവര്‍ ഡല്‍ഹിയിലെ റിസോര്‍ട്ടില്‍ സുഖവാസത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തുണയുടെ കാര്യത്തില്‍ മതേതര പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നു. താന്‍ വളര്‍ന്ന മേഖലയാണിത്. ഇവിടുത്തെ ജനങ്ങളുടെ ശബ്ദമാകാനാണ് താന്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ ജാതിയുടെയും പണക്കൊഴുപ്പിന്റെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്തുവന്നാലും താന്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാടും. താന്‍ ഒരു സമുദായത്തിന്റെയും എതിരാളിയല്ല. പക്ഷേ വര്‍ഗീയതക്ക് എതിരാണെന്നും പ്രകാശ് രാജ് പറഞ്ഞു.