ഞാന്‍ ഫാത്തിമ ഫസീല, 16 വയസ്സുള്ള ഞാന്‍ മംഗലാപുരം സെന്‍റ് ആഗ്നസ് പി.യു കോളേജ് വിദ്യാര്‍ത്ഥിനിയാണ്, ഞാന്‍ എന്‍റെ രണ്ടാം വര്‍ഷ അഡ്മിഷനു പോയപ്പോള്‍ ഹിജാബ് ധരിച്ചെന്നു പറഞ്ഞ് ഒഫീഷ്യല്‍ ലെറ്റര്‍ പോലും തരാതെ എന്‍റെ അഡ്മിഷന്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.
മൂന്നു ദിവസം കോളേജില്‍ പോയി ചോദിച്ചെങ്കിലും ലെറ്റര്‍ തരാന്‍ അവര്‍ തയ്യാറായില്ല, ടി.സി തരാമെന്നായിരുന്നു അവരുടെ മറുപടി ( അഡ്മിഷന്‍ തരാത്തതിന്‍റെ കാരണം കാണിച്ചിട്ടുള്ള ലെറ്റര്‍ തരില്ലെന്ന് പറഞ്ഞു).
ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ എന്‍റെ അഡ്മിഷന്‍ തടഞ്ഞുവെന്ന് കാണിച്ച് ഞാന്‍ ദക്ഷിണ കന്നടയിലെ ഡി.സിയിലേക്കും, കമ്മീഷണര്‍ക്കും ഡി.ജി.പി ഓഫീസിലേക്കും കത്തയച്ചു. മുമ്പെനിക്ക് ഹിജാബ് ധരിച്ചതിനെത്തുടര്‍ന്ന് നേരിടേണ്ടി വന്ന ഭീഷണികളും അത് കാരണം ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും അവരോട് സൂചിപ്പിച്ചിരുന്നു.
ഞാന്‍ എന്‍റെ ആദ്യ വര്‍ഷ അഡ്മിഷനു വന്നപ്പോള്‍ അവര്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല, എന്നാല്‍ ക്ലാസ്സ് തുടങ്ങി കുറച്ചാഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ ഹിജാബ് ഒഴിവാക്കാന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു. പിന്നീടുള്ള കുറച്ചു മാസം തുടര്‍ച്ചയായി ക്ലാസ്സില്‍ വരുകയും വരാന്തയില്‍ വെച്ച് കാണുമ്പോഴേല്ലാം തുറിച്ചു നോക്കുകയും ചെയ്തു. ഇതെന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇതെല്ലാമെനിക്ക് നേരിടേണ്ടി വന്നത് ടീച്ചേഴ്സില്‍ നിന്നായിരുന്നില്ല മാനേജ്മെന്‍റില്‍ നിന്നും പ്രിന്‍സിപ്പാളില്‍ നിന്നും വൈസ് പ്രിന്‍സിപ്പാളില്‍ നിന്നും സിസ്റ്റേഴ്സില്‍ നിന്നുമായിരുന്നു.
എന്‍റെ ശരീരത്തില്‍ നിന്നും ഒരു ഭാഗം എടുത്തു മാറ്റുന്നതുപ്പോലെയാണെനിക്ക്, ബാല്യക്കാലം മുതല്‍ ശീലിച്ചതാണ് ഹിജാബ്, അതിനാല്‍ അതൊഴിവാക്കാന്‍ എനിക്ക് സാധിക്കില്ല. ടി.സി തരുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടുള്ള ഒഫീഷ്യല്‍ ലെറ്റര്‍ നല്‍കാതെ മറ്റു കോളേജുകളില്‍ പഠിക്കാനുള്ള അവകാശത്തേയുമാണ് ഇവര്‍ ഇല്ലാതാക്കുന്നത്.
മാനസികമായി തളര്‍ന്ന ഒരു വര്‍ഷം
ഈ സംഭവങ്ങളെല്ലാം തന്നെ എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. കോളെജിലേക്ക് പോകാന്‍ തന്നെ സാധിക്കുമായിരുന്നില്ല. എല്ലാ ദിവസവും അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു. നിരവധി തവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്. പല തവണ ടീച്ചര്‍ ക്ലാസിലുള്ള സമയം ക്ലാസ് പോലും ശ്രദ്ധിക്കാന്‍ സാധിക്കാതെ എനിക്ക് നേരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതായി വന്നിട്ടുണ്ട്.
മറ്റു മത ചിഹ്നങ്ങള്‍ക്ക് പക്ഷെ വിലക്കില്ല
മറ്റു മതത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാക്കിയും കൊന്തയും ധരിക്കുന്നതില്‍ തടസ്സങ്ങളൊന്നുമില്ല പക്ഷേ ഹിജാബിന്‍റെ കാര്യം വരുമ്പോള്‍ മതപരമായ സമത്വമില്ലെന്നാണ് അവരുടെ വാദം. എന്നാല്‍ എന്‍റെ സഹപാഠികള്‍ക്കോ ടീച്ചേഴ്സിനോ ഞാന്‍ ഹിജാബ് ധരിക്കുന്നതുക്കെണ്ട് ബുദ്ധിമുട്ടൊന്നുമില്ല. മാനേജ്മെന്റിന് മാത്രമാണ് ഞാന്‍ ഹിജാബ് ധരിക്കുന്നതില്‍ പ്രശ്നം.
യു.എ.ഇയില്‍ നിന്നും പഠനം കഴിഞ്ഞ് 2018ല്‍ നാട്ടിലേക്ക്
പതിനൊന്ന് വര്‍ഷത്തെ പഠനം യു.എ.ഇയിലായിരുന്നു. മൂന്നാം വയസ്സ് മുതല്‍ ഞാന്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പോകാന്‍ തുടങ്ങിയിട്ടുണ്ട്. അവിടെ അത് അനുവദനീയമായിരുന്നു, മുസ്‍ലിം പെണ്‍കുട്ടികള്‍ ഹെഡ് സ്കാര്‍ഫ് ധരിക്കുന്നത് യൂണിഫോമിന്റെ ഭാഗമായിരുന്നു. അവിടെ ഹിജാബ് നിര്‍ബന്ധമായിരുന്നു.