India National

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി വി.എസ് സിർപൂർക്കർ അധ്യക്ഷനായ മൂന്നംഗ കമ്മീഷനാണ് കേസ് അന്വേഷിക്കുക. ഏറ്റുമുട്ടൽ കൊലയിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. വി.എസ് സിർപൂർക്കർ അധ്യക്ഷനായ അന്വേഷണ കമ്മീഷനിൽ മുൻ ബോംബെ ഹൈകോടതി ജഡ്ജി രേഖ പ്രകാശ് ബൾഡോട്ട, മുൻ സി.ബി.ഐ ഡയറക്ടർ ഡി.ആർ കാർത്തികേയൻ എന്നവരാണ് മറ്റംഗങ്ങൾ. മൂന്നംഗ കമ്മീഷൻ ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനാൽ മറ്റ് അന്വേഷണങ്ങൾ താത്ക്കാലികമായി നിർത്തിവെക്കാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കമ്മീഷന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തെലങ്കാന സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഹൈദരാബാദിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്നും ജീവൻ രക്ഷിക്കാനുള്ള പ്രത്യാക്രമണത്തനിടെയാണ് പീഡന കേസിലെ പ്രതികൾ കൊല്ലപ്പെട്ടതെന്നും തെലങ്കാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഏറ്റുമുട്ടൽ കൊലയായതിനാൽ സുപ്രീംകോടതി മാർഗ നിർദേശമനുസരിച്ചുള്ള അന്വേഷണത്തിന് ഉത്തരിട്ടിട്ടുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാതെയുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി മൂന്നംഗ കമ്മീഷനെ നിശ്ചയിച്ചത്.