എക്സിറ്റ് പോള്‍ ഫലങ്ങളെ വിശ്വസിക്കാനാകുമോ ? വിശ്വസിക്കാമെന്നാണ് കരുതുന്നതെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. പക്ഷേ എക്സിറ്റ് പോള്‍ ഏജന്‍സികളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രവചനം യാഥാര്‍ഥ്യത്തോട് അത്ര അടുത്തു നില്‍ക്കുന്നതല്ല എന്നാണ് വസ്തുത.
1998 ലെ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഏജന്‍സികളില്‍ ചിലര്‍ പ്രവചിച്ചത് യാഥാര്‍ഥ്യത്തോട് അരികില്‍ നില്‍ക്കുന്ന ഫലമായിരുന്നു. 2014 ലാണെങ്കില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് 250 മുതല്‍ 290 വരെയുള്ള സീറ്റുകള്‍ നേടുമെന്നായിരുന്നു ഭൂരിപക്ഷം ഏജന്‍സികളും പ്രവചിച്ചത്. ടുഡേസ് ചാണക്യ ഒഴികെ. ചാണക്യയുടെ പ്രവചനം ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് 340 സീറ്റുകള്‍ നേടുമെന്നായിരുന്നു. അന്തിമ ഫലം പുറത്തുവന്നപ്പോള്‍ 336 സീറ്റുകള്‍ ബി.ജെ.പി + സഖ്യം സ്വന്തമാക്കി. കോണ്‍ഗ്രസും സഖ്യകക്ഷികളും 70 സീറ്റ് നേടുമെന്ന് ചാണക്യ പ്രവചിച്ചെങ്കിലും അന്തിമ ഫലം 59 ആയിരുന്നു.
2004 ല്‍ എക്സിറ്റ് പോള്‍ ഏജന്‍സികള്‍ മൊത്തത്തില്‍ പരാജയപ്പെടുകയായിരുന്നു. പ്രവചനങ്ങളെല്ലാം തെറ്റി. ആജ് തക്കും എന്‍.ഡി.ടി.വിയും സി വോട്ടറുമടക്കമുള്ള ഏജന്‍സികള്‍ ബി.ജെ.പി + സഖ്യം 250 ന് മുകളില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചെങ്കിലും യാഥാര്‍ഥ്യം 189 ലേക്ക് ഒതുങ്ങി. ഇതേസമയം, 170 മുതല്‍ 205 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് + സഖ്യം നേടുമെന്നായിരുന്നു പ്രവചനം. അന്തിമ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് + സഖ്യം നേടിയത് 222 സീറ്റുകള്‍. 2009 ലും പ്രവചനങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷികളായത്. കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ പ്രവചനങ്ങളും അന്തിമ ഫലവും തമ്മില്‍ വലിയ അന്തരമാണുള്ളത്.