India

മാര്‍ച്ച് 10 മുതല്‍ യു.പിയില്‍ ഹോളി: നരേന്ദ്ര മോദി

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്‍ച്ച് 10 മുതല്‍ ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരിലെ പൊതു റാലിയില്‍ പ്രസംഗിക്കവേ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

‘ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ വരാനിരിക്കുന്ന വന്‍ ജയമാണ്. വലിയ ആത്മവിശ്വാസത്തിലാണ് യു.പിയിലെ ബി.ജെ.പി നേതൃത്വം. ബി.ജെ.പിയുടെ വിജയത്തില്‍ തെല്ലും സംശയമില്ല. രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 55 മണ്ഡലങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘പരിവാര്‍വാദി’കളെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വീണ്ടും പരാജയപ്പെടുത്തും. നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 10ന് തന്നെ ആഘോഷിക്കും’. പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

”സമാജ് വാജി പാര്‍ട്ടി എല്ലാ തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ പങ്കാളികളുമായെത്തും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അവരുമായുള്ള ബന്ധം വിച്ഛേദിക്കും. ഇടക്കിടെ സഖ്യകക്ഷികളെ മാറ്റിക്കൊണ്ടിരിക്കുന്ന അവര്‍ക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങളെ എങ്ങനെ സേവിക്കാനാവും?. മുന്‍ സര്‍ക്കാരുകള്‍ സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു, അവര്‍ കലാപകാരികളുടെയും ഗുണ്ടകളുടെയും കൈയിലേക്ക് ജനങ്ങളെ എറിഞ്ഞുകൊടുത്തവരാണ്. ” പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.