മൂന്ന് ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിയിട്ടുള്ള ഇന്ത്യന്‍ ഹോക്കി താരമാണ് ബല്‍ബീര്‍ സിംഗ് സീനിയര്‍…
ഇന്ത്യക്ക് മൂന്നു തവണ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിത്തന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍(95) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ട് ആഴ്ച്ചയായി ചികിത്സയിലായിരുന്നു. രാവിലെ ആറരയോടെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തെരഞ്ഞെടുത്ത ആധുനിക ഒളിംപിക്‌സിലെ എക്കാലത്തേയും മികച്ച 16 താരങ്ങളില്‍ ബല്‍ബീര്‍ സിംഗും ഉള്‍പ്പെട്ടിരുന്നു. ഒളിമ്പിക്സ് ഹോക്കി ഫൈനലില്‍ ഏറ്റവും അധികം ഗോള്‍(അഞ്ച്) നേടുന്ന താരമെന്ന റെക്കോഡ് ഇപ്പോഴും ബല്‍ബീര്‍ സിംഗ് സീനിയറിന്റെ പേരിലാണ്. 1952ലെ ഒളിംപിക്‌സ് ഫൈനലില്‍ ഹോളണ്ടിനെ 6-1ന് ഇന്ത്യ തോല്‍പിച്ചപ്പോഴാണ് ബല്‍ബീര്‍ സിംഗ് അഞ്ച് ഗോളടിച്ചത്.
1956 ലെ ഒളിംപിക്‌സില്‍ ബല്‍ബീര്‍ സിംഗ് നയിച്ച ഇന്ത്യന്‍ ടീമാണ് സ്വര്‍ണ്ണം നേടിയത്. 1975ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിക്കുന്ന ആദ്യ ഹോക്കി താരമായി 1957ല്‍ ബല്‍ബീര്‍ സിംഗ് മാറിയിരുന്നു. 1977ലാണ് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ദ ഗോള്‍ഡന്‍ ഹാറ്റ് ട്രിക്ക്, മൈ ഹോക്കി ഡേസ്’ പുറത്തിറങ്ങിയത്.