India National

പൗരത്വ പ്രതിഷേധം: ‘പ്രതികാര’വുമായി യോഗി ആദിത്യനാഥ്, പ്രക്ഷോഭകരുടെ ചിത്രവുമായി നഗരമധ്യത്തില്‍ പരസ്യം

ആക്റ്റിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ സദാഫ് ജാഫര്‍, മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധരപുരി, അഭിഭാഷകനായ മുഹമ്മദ് ഷോയ്ബ്, നാടക പ്രവര്‍ത്തകനായ ദീപക് കബീര്‍ എന്നിവരുടെ പേരും പോസ്റ്ററില്‍ ഉണ്ട്.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ത്തവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തലസ്ഥാനമായ ലഖ്‌നൗവിലാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചിട്ടുള്ളത്. സംഘര്‍ഷത്തിനിടെ നശിച്ച പൊതു മുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടാണ് ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഇവരുടെ സ്വത്തുകള്‍ പിടിച്ചെക്കുമെന്നും ഹോര്‍ഡിംഗില്‍ പറയുന്നു.

ഇപ്പോള്‍ ഇത്തരമൊരു ഹോര്‍ഡിംഗുകള്‍ എന്തിനാണ് തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല. പ്രതികളില്‍ പലര്‍ക്കും നഷ്ടപരിഹാരം ഒടുക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ തന്നെ സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഇത്തരമൊരു ഹോര്‍ഡിംഗ് സ്ഥാപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. ആക്റ്റിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ സദാഫ് ജാഫര്‍, മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ധരപുരി, അഭിഭാഷകനായ മുഹമ്മദ് ഷോയ്ബ്, നാടക പ്രവര്‍ത്തകനായ ദീപക് കബീര്‍ എന്നിവരുടെ പേരും പോസ്റ്ററില്‍ ഉണ്ട്.