India National

ഗാന്ധിവധത്തിന് പുനരാവിഷ്കാരവുമായി ഹിന്ദുമഹാസഭ

ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം.

ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. മഹാത്മഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയായിരുന്നു പുനരാവിഷ്കാരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗാന്ധിജിക്ക് ആദരവ് അര്‍പ്പിക്കുകയാണ് ഇന്ന്. അതിനിടയിലാണ് രാജ്യത്തെ തന്ന ഞെട്ടിച്ചു കൊണ്ട് ഹിന്ദുമഹാസഭ ഗാന്ധിവധത്തിന്‍റെ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത്.

വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഇതിന് ശേഷം മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവര്‍ ആഘോഷമാക്കിയത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ നേരത്തെ തന്നെ ശൗര്യ ദിവസ് ആയിട്ട് ആചരിക്കാറുണ്ടായിരുന്നു. അന്നേദിവസം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുകയും ഗോഡ്‌സെ പ്രതിമയില്‍ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് ഗാന്ധിവധം പുനരാവിഷ്‌കരിക്ക് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്.

1948 ലാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകനായിരുന്ന നാഥൂറാം വിനായക് ഗോഡ്‌സെ മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.