India National

കശ്മീരിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും; ബിൽ ലോക്‌സഭ പാസാക്കി

കശ്മീരി ജനസംഖ്യയുടെ മൂന്ന് ശതമാനം പോലും ആളുകൾ സംസാരിക്കാത്ത ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ കൂടുതൽ പേർ ഉപയോഗിക്കുന്ന ഗോജ്രി, പഹാഡി, പഞ്ചാബി ഭാഷകൾ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്.

ഹിന്ദിയടക്കം മൂന്ന് ഭാഷകളെക്കൂടി ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകൾക്ക് ഔദ്യോഗിക പദവി നൽകുന്ന ‘ജമ്മു ആന്റ് കഷ്മീർ ഒഫീഷ്യൽ ലാംഗ്വേജസ് ബിൽ 2020’ ആണ് ലോക്‌സഭയിൽ ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി അവതരിപ്പിച്ചത്. നിലവിൽ ഉർദു, ഇംഗ്ലീഷ് ഭാഷകളാണ് കശ്മീരിലെ ഔദ്യോഗിക ഭാഷകൾ.

കശ്മീരി ഭാഷ കശ്മീരിലെ 53.26 ശതമാനമാളുകൾ സംസാരിക്കുന്നതാണെന്നും 70 വർഷമായി അതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ലെന്നും കിഷൻ റെഡ്ഡി പറഞ്ഞു. ജനങ്ങളുടെ ആവശ്യപ്രകാരം ലഫ്. ഗവർണർ അറിയിച്ചതിനാലാണ് കശ്മീരിയും ഹിന്ദിയും ഡോഗ്രിയും ഔദ്യോഗിക കശ്മീരിലെ ഔദ്യോഗി ഭാഷകളാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘20110-ലെ സെൻസസ് പ്രകാരം ജമ്മു കശ്മീരിലെ 53.26 ശതമാനം ജനങ്ങൾ കശ്മീരി സംസാരിക്കുന്നുണ്ട്. പക്ഷേ, അതിനെ ഔദ്യോഗി ഭാഷ ആക്കിയിരുന്നില്ല. അതൊരു ചരിത്ര ഭാഷയാണ്. 20.64 ശതമാനം പേർ ഡോഗ്രി സംസാരിക്കുന്നുണ്ട്. ഉർദു സംസാരിക്കുന്നത് വെറും 0.16 ശതമാനമാളുകൾ മാത്രം. എന്നിട്ടും 70 വർഷമായി ഉർദു ഔദ്യോഗിക ഭാഷയാണ്. നമ്മൾ അത് നിലനിർത്തുന്നു. 2.30 ശതമാനം പേർ ഹിന്ദി സംസാരിക്കുന്നു. ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി തുടരും.’

ജി. കിഷൻ റെഡ്ഡി, ആഭ്യന്തര സഹമന്ത്രി

കശ്മീരിന് അഞ്ച് ഔദ്യോഗിക ഭാഷകൾ ഉണ്ടാക്കുന്നതിലൂടെ കേന്ദ്രസർക്കാർ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് നാഷണൽ കോൺഫറൻസ് എം.പി ഹസ്‌നൈൻ മസൂദി പറഞ്ഞു. ‘ഏതെങ്കിലും സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ അഞ്ച് ഔദ്യോഗിക ഭാഷകളുണ്ടോ? ഉർദു കശ്മീരിലെ ഒരു സംയോജന ഭാഷയാണ്’ അദ്ദേഹം പറഞ്ഞു.

പഹാഡി സമുദായത്തിലെ കുട്ടികള്‍
പഹാഡി സമുദായത്തിലെ കുട്ടികള്‍

ബി.ജെ.പി സർക്കാറിന്റെ ‘ഭാഷാരാഷ്ട്രീയം’

അതേസമയം, കശ്മീരി ജനസംഖ്യയുടെ മൂന്ന് ശതമാനം പോലും ആളുകൾ സംസാരിക്കാത്ത ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ കൂടുതൽ പേർ ഉപയോഗിക്കുന്ന ഗോജ്രി, പഹാഡി, പഞ്ചാബി ഭാഷകൾ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ജമ്മു കശ്മീർ സംസ്ഥാനമായിരുന്നപ്പോൾ ഗോജ്രിയെയും പഹാഡിയെയും പ്രാദേശിക ഭാഷയായി അംഗീകരിച്ചിരുന്നു.

കശ്മീരി ജനസംഖ്യയുടെ മൂന്ന് ശതമാനം പോലും ആളുകൾ സംസാരിക്കാത്ത ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ കൂടുതൽ പേർ ഉപയോഗിക്കുന്ന ഗോജ്രി, പഹാഡി, പഞ്ചാബി ഭാഷകൾ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്.

പുതിയ ഔദ്യോഗിക ഭാഷകൾ വരുന്നതോടെ, ആദിവാസി ഗുജ്ജർ, ബകർവാൾ സമുദായങ്ങൾ ഉപയോഗിക്കുന്ന ഗോജ്രി ഭാഷക്ക് പ്രാധാന്യം നഷ്ടപ്പെടും. പർവത പ്രദേശങ്ങളിലെ പത്ത് ലക്ഷത്തോളം പേർ സംസാരിക്കുന്ന പഹാഡിയും ഇതോടെ അവഗണിക്കപ്പെടുകയാണ്. കശ്മീരിലെ സിഖ് സമുദായം ഉപയോഗിക്കുന്ന പഞ്ചാബിയെ ഒഴിവാക്കിയതും കേന്ദ്രസർക്കാറിന്റെ നീക്കത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.