India National

‘ഹിന്ദി ഭാഷ തമിഴന്റെ രക്തത്തിലുള്ളതല്ല’: എം.കെ സ്റ്റാലിന്‍

ഹിന്ദി ഭാഷ നിർബന്ധമാക്കുന്ന എൻ.ഡി.എ സർക്കാറിന്റെ പുതിയ കരട് വിദ്യഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. ഇത്തരം വഴിപിഴച്ച നയങ്ങൾ വലിയ ദുരന്തമായിരിക്കും സമ്മാനിക്കുകയെന്ന് സ്റ്റാലിൻ പറഞ്ഞു.

മുൻ ഐ.എസ്.ആർ.ഒ തലവൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഹിന്ദി ഇതര പ്രദേശങ്ങളിലെ വിദ്യാർഥികൾ ഇംഗ്ലീഷ്, ഒരു പ്രാദേശിക ഭാഷ, ഹിന്ദി എന്നീ ഭാഷകൾ പഠിക്കണമെന്ന് ശിപാർശ ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന സ്റ്റാലിൻ, ഹിന്ദി ഭാഷ തമിഴന്റെ രക്തത്തിലുള്ളതല്ലെന്നും കൂട്ടിച്ചേർത്തു. തമിഴ്നാടില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ പോലും ബി.ജെ.പി ശ്രമിക്കേണ്ടെന്ന് പറഞ്ഞ സ്റ്റാലിൻ, നിലവിലെ ദ്വിഭാഷാ നയം മാത്രമേ തമിഴ്നാട് പിന്തുടരുകയുള്ളു എന്നും അറിയിച്ചു.

സ്റ്റാലിന് പിറകെ മറ്റ് തമിഴ് നേതാക്കളും ഹിന്ദി ഭാഷാ നയത്തിനെതിരെ രംഗത്ത് വരികയുണ്ടായി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കവും എതിർക്കുമെന്ന് ഡി.എം.കെയുടെ കനിമൊഴി പറഞ്ഞപ്പോൾ, ഒരു ‘ഭാഷാ യുദ്ധ’ത്തിനുള്ള പുറപ്പാടാണ് സര്‍ക്കാറിന്റേതെന്ന് എം.ഡി.എം.കെ നേതാവ് വെെകോ പറഞ്ഞു.

ഹിന്ദി ഇതര പൗരന്മാരെ രണ്ടാം തരക്കാരായി കാണാൻ നയം ഇടവരുത്തുമെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരൻ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരത ഇത് വഴി നശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കസ്തൂരിരംഗന്‍ ശിപാര്‍ശ നയമായി അംഗീകരിച്ചിട്ടില്ലെന്നും പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രമേ ഇവ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളു എന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു.