India National

ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷയെന്ന് ചലച്ചിത്ര താരം കമല്‍ ഹാസന്‍

ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയാണ് ഹിന്ദിയെന്ന് നടന്‍ കമല്‍ ഹാസന്‍. ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷയെന്നാണ് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ചെന്നൈയില്‍ പറഞ്ഞത്.

‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ. തമിഴ്, തെലുഗു, സംസ്കൃതം എന്നിവയെ അപേക്ഷിച്ച് ഹിന്ദി ചെറിയ ഭാഷയാണ്. പരിഹസിച്ചു കൊണ്ട് പറയുന്നതല്ല, ആ ഭാഷയോടുള്ള എല്ലാ വിധ ബഹുമാനത്തോടും കൂടി പറയുന്നതാണ്. കഴുത്തിന് താഴെ മുറുക്കി പിടിച്ചോ അടിച്ചേല്‍പ്പിച്ചോ ഹിന്ദി ഭാഷ പ്രയോഗിക്കരുത്.’; ചെന്നൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.

നേരത്തെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രൂക്ഷമായാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്. ജെല്ലിക്കെട്ടിനെതിരെ നടന്ന പ്രതിഷേധത്തേക്കാള്‍ വലുതായിരിക്കും ഹിന്ദിക്കെതിരായ പ്രതിഷേധമെന്നായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.

‘ഇതിന് മുമ്പും ഇനിയും ഞങ്ങള്‍ അത് പറയും. തമിഴ് ഭാഷ ഞങ്ങളുടെ അഭിമാനമാണ്. അതിന് വേണ്ടി ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. നാനാത്വത്തില്‍ ഏകത്വം എന്ന ഉറപ്പിന്മേലാണ് ഇന്ത്യ സ്വാതന്ത്ര റിപബ്ലിക്കായത്. അത് ഞങ്ങള്‍ മാറ്റാന്‍ തയ്യാറല്ല’; കമല്‍ ഹാസന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 14 ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ തെരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ടത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ നേതാക്കളില്‍ നിന്നുള്‍പ്പെടെ പിന്നീട് ഉയര്‍ന്നത്.